International News

ടെക്‌സാസിലുണ്ടായ വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം.

ന്യൂഡൽഹി: ടെക്‌സാസിലുണ്ടായ വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ആര്യൻ രഘുനാഥ് ഒരമ്പട്ടി, ഫാറൂഖ് ഷെയ്ക്ക്, ലോകേഷ് പാലച്ചാർള, ധർഷിനി വാസുദേവൻ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച അർക്കൻസാസിലെ ബെൻ്റൺവില്ലിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. അമിതവേഗതയിൽ വന്ന ട്രക്ക്, സംഘം സഞ്ചരിച്ചിരുന്ന എസ്‌യുവിയുടെ പിന്നിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. തുടർന്ന് എസ്‌യുവിക്ക് തീപിടിക്കുകയും ശരീരം കത്തിക്കരിയുകയുമായിരുന്നു. ഡാലസിലെ ബന്ധുവിനെ സന്ദർശിച്ച് മടങ്ങുകയായിരുന്നു ആര്യനും സുഹൃത്ത് ഷെയ്ക്കും. ഭാര്യയെ കാണാൻ ബെൻ്റൺവില്ലിലേക്ക് പോകുകയായിരുന്നു ലോകേഷ് പാലച്ചാർള.

ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദധാരിയായ ദർശിനി വാസുദേവൻ ബെൻ്റൺവില്ലിലുള്ള അമ്മാവനെ കാണാൻ പോകുകയായിരുന്നു. കാർപൂളിംഗ് ആപ്പ് വഴി കണക്റ്റു ചെയ്‌താണ് ഇവർ യാത്ര ചെയ്തത്. മ‍ൃതദേഹങ്ങൾ ആരുടേതാണെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തും. മാക്‌സ് അഗ്രി ജനറ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഹൈദരാബാദ് ആസ്ഥാനമായുള്ള സ്ഥാപനത്തിൻ്റെ ഉടമയാണ് ആര്യന്റെ പിതാവ് സുഭാഷ് ചന്ദ്ര റെഡ്ഡി. കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തിലാണ് ആര്യൻ എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയത്. ആര്യന്റെ സുഹൃത്ത് ഫാറൂഖ് ഷെയ്‌ക്കും ഹൈദരാബാദിൽ നിന്നുള്ളയാളാണ്. തമിഴ്‌നാട് സ്വദേശിനിയായ ദർശിനി ടെക്‌സാസിലെ ഫ്രിസ്കോയിലാണ് താമസിച്ചിരുന്നത്.

Related Posts

Leave a Reply