ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരത്തില്‍ ഹിറ്റ്മാന്‍ ആയി വീണ്ടും രോഹിത് ശര്‍മ്മ. ടി20 ലോക കപ്പിലെ സൂപ്പര്‍ എട്ട് മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ മികച്ച സ്‌കോര്‍ ആണ് സ്വന്തമാക്കിയത്. ഇന്ത്യയെ വലിയ സ്‌കോറിലേക്ക് എത്താന്‍ പ്രധാനമായും സഹായിച്ചത് രോഹിത് ശര്‍മ്മയായിരുന്നു. സെഞ്ചുറിക്ക് എട്ട് റണ്‍സ് ബാക്കി നില്‍ക്കെയായിരുന്നു രോഹിതിന്റെ പുറത്താകല്‍. വെറും 41 പന്തില്‍ നിന്ന് എട്ട് സിക്സും ഏഴ് ഫോറുമടങ്ങുന്നതായിരുന്നു ഹിറ്റ്മാന്റെ ഇന്നിങ്സ്. മത്സരത്തിന്റെ രണ്ടാം ഓവറില്‍ തന്നെ വിരാട് കോലി പൂജ്യം റണ്‍സിന് പുറത്തായിരുന്നു.
ഇതിനുപിന്നാലെയാണ് രോഹിത്തിന്റെ വെടിക്കെട്ട് ആരംഭിച്ചത്. മിച്ചല്‍ സ്റ്റാര്‍ക് എറിഞ്ഞ മൂന്നാം ഓവറില്‍ നാല് സിക്സും ഒരു ഫോറുമടക്കം 29 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. വെറും 19 പന്തില്‍ 50 തികച്ചു. മത്സരം കൈപ്പിടിയിലായതോടെ ഇന്ത്യന്‍ ബാറ്റിനിര നല്ല ആത്മവിശ്വാസത്തിലായിരുന്നു. 8.4 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നു. എന്നാല്‍ താന്‍ നന്നായി പ്രഹരിച്ച് വിട്ട മിച്ചല്‍ സ്റ്റാര്‍കിന് തന്നെ ഹിറ്റ്മാന്റെ വിക്കറ്റ്. നൂറ് തികക്കുന്നതിന് മുമ്പ് രോഹിതിനെ പവലിയനിലേക്ക് പറഞ്ഞയക്കാനായതില്‍ സ്റ്റാര്‍കിന് സന്തോഷിക്കാം. 12-ാം ഓവറിലായിരുന്നു ഹിറ്റ്മാന്‍ നൂറ് തികക്കാനാകാതെ മടങ്ങിയത്. അതേ സമയം പുറത്താകും വരെ രോഹിത്തിന്റെ ബാറ്റില്‍ നിന്ന് ബൗണ്ടറികളൊഴുകി. ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിലെ ഏറ്റവും ഭംഗിയുള്ള നിമിഷങ്ങളായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ് എന്നതില്‍ സംശയമില്ല.
