ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം ആഭ്യന്തര മന്ത്രിയുടെ അറിവോടെയെന്ന് കെ.കെ രമ. അടുത്ത ദിവസം ഗവർണറെ കാണുമെന്നും തീരുമാനത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അവർ പ്രതികരിച്ചു.
വലിയ ഗൂഢാലോചന നടന്നുവെന്നും പ്രതികളെ പാർട്ടിയ്ക്ക് ഭയമാണെന്നും കെ.കെ രമ ട്വന്റിഫോറിനോട് പറഞ്ഞു. സംരക്ഷിച്ചില്ലെങ്കിൽ സി.പി.ഐ.എം നേതൃത്വത്തിൻ്റെ പേര് പ്രതികൾ വെളിപ്പെടുത്തും, അതാണ് പാർട്ടി നേതൃത്വം പ്രതികൾക്കൊപ്പം നിൽക്കുന്നതെന്നും അവർ ആരോപിച്ചു.
ഹൈക്കോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്നും സർക്കാർ കോടതിയെ വെല്ലുവിളിക്കുകയാണെന്നും പറഞ്ഞ കെ കെ രമ പ്രതികളെ സംരക്ഷിക്കാൻ പാർട്ടി എക്കാലത്തും ഉണ്ടെന്നും കുറ്റപ്പെടുത്തി. പ്രതികൾക്ക് ജയിൽ സുഖവാസകേന്ദ്രമാണ്. ജയിൽ നിയമങ്ങൾ പ്രതികൾക്ക് ബാധകമല്ല. ശിക്ഷാ ഇളവ് നൽകരുതെന്ന് പൊലിസിനോട് താൻ പറഞ്ഞിരുന്നുവെന്നും കണ്ണൂർ ജയിൻ ഭരിക്കുന്നത് ടി പി കേസ് പ്രതികളാണെന്നും കെ കെ രമ പ്രതികരിച്ചു.
ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ മൂന്ന് പേർക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനാണ് സർക്കാർ നീക്കം. ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കഴിഞ്ഞു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പൊലീസിന് കത്ത് നൽകിയത്.
ഹൈക്കോടതി വിധി മറികടന്നാണ് സർക്കാരിന്റെ നീക്കം. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ശിക്ഷ വർധിപ്പിച്ചത്. ഇതിനിടയിലാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് വരുന്നത്.