Kerala News

ടിപി കേസ് പ്രതികളുടെ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഡൽഹി: ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ശിക്ഷാവിധിക്കെതിരെ രണ്ട് പ്രതികള്‍ നല്‍കിയ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. എട്ടാം പ്രതി കെ സി രാമചന്ദ്രന്‍, പതിനൊന്നാം പ്രതി ട്രൗസര്‍ മനോജ് എന്നിവര്‍ നല്‍കിയ ഹർജികളിലാണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിക്കുന്നത്.

കൊലപാതകം, വധഗൂഡാലോചന എന്നീ കുറ്റങ്ങള്‍ക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ഇരുവര്‍ക്കും ഡിവിഷന്‍ ബെഞ്ച് വിധിച്ചത്. ഈ വിധി റദ്ദാക്കണമെന്നാണ് രണ്ട് പ്രതികളുടെയും ആവശ്യം. അന്തരിച്ച പി കെ കുഞ്ഞനന്തന്റെ ഭാര്യ വി പി ശാന്ത നല്‍കിയ ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരും. പികെ കുഞ്ഞനന്തന് വിചാരണക്കോടതി വിധിച്ച പിഴത്തുക കുടംബത്തില്‍ നിന്ന് ഈടാക്കണമെന്ന വിധിക്കെതിരെ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

രണ്ട് അപ്പീലുകളിലും നടപടിക്രമങ്ങളുടെ ഭാഗമായി സുപ്രീം കോടതി പ്രൊസിക്യൂഷന് നോട്ടീസയയ്ക്കും. നേരത്തെ മറ്റ് പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി പ്രൊസിക്യൂഷന് നോട്ടീസ് അയച്ചിരുന്നു. ഹര്‍ജികള്‍ ഓഗസ്റ്റ് അവസാനവാരം വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരും.

ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ‌ഗൂഢാലോചന കുറ്റത്തിൽ ഇവർക്ക് വീണ്ടും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് ജാമ്യം നൽകണമെന്നതാണ് പ്രതികളുടെ ആവശ്യം. ‌കഴിഞ്ഞ 12 വ‍ർഷമായി തങ്ങൾ ജയിലിലാണെന്നാണ് പ്രതികൾ ഹർജിയിൽ പറയുന്നത്.

ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബു, കെ കെ കൃഷ്ണൻ എന്നിവരും അപ്പീൽ നൽകിയിട്ടുണ്ട്. ജീവപര്യന്തം ശിക്ഷക്കെതിരെയാണ് ഇവരുടെ ഹർജി. ഇരുവരെയും വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ ഇത് റദ്ദ് ചെയ്ത ഹൈക്കോടതി ഇവരെ ശിക്ഷിക്കുകയായിരുന്നു

Related Posts

Leave a Reply