തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയിയെ കാണാതായ സംഭവത്തിൽ തിരച്ചിലിനായി എൻഡിആർഎഫിന്റെയും നേവിയുടെയും സഹായം തേടി ജില്ലാ കളക്ടർ ജെറോമിക് ജോർജ്. ഇപ്പോൾ റോബോട്ടിക് സാങ്കേതി വിദ്യ ഉപയോഗിച്ചുള്ള പരിശോധനയാണ് നടക്കുന്നത്. പ്ലാറ്റ്ഫോമിലെ മാൻ ഹോളിലാണ് റോബോട്ട് ഉപയോഗിച്ച് പരിശോധന നടക്കുന്നത്.
ടെക്നോപാർക്കിലെ സ്റ്റാർട്ടപ്പായ ജെൻ റോബോട്ടിക്സിൻ്റെ സാങ്കേതിക സഹായമാണ് ഇതിനായി ഉപയോഗിക്കുന്നത്. നൈറ്റ് വിഷൻ ക്യാമറയുള്ള റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉടൻ പരിശോധന ആരംഭിക്കും. ക്യാമറയുടെ സഹായത്തോടെ ലഭിക്കുന്ന ചിത്രങ്ങൾ രക്ഷാദൗത്യത്തിന് സഹായകരമാകുമെന്ന് കണക്കുകൂട്ടൽ. ജോയിയെ കാണാതായ ഭാഗത്തും നേരത്തെ പരിശോധിച്ച അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിലെ മാൻഹോളിലും നൈറ്റ് വിഷൻ ക്യാമറയുള്ള റോബോട്ടിനെ ഉപയോഗപ്പെടുത്തും.
രണ്ടാമത്തെ പ്ലാറ്റ്ഫോമിന് അടിയിൽ വരെ സ്കൂബ ടീമിന് എത്താൻ കഴിഞ്ഞിരുന്നു. എന്നിട്ടും ആളെ കണ്ടെത്താനായില്ല. സ്കൂബ ടീമിനെ ഇനി മാൻ ഹോളിൽ ഇറക്കുന്നത് പ്രായോഗികമല്ല.സ്കൂബ ടീം ഒഴികെയുള്ളവരുടെ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുന്നുണ്ട്.പ്രധാന ടണലിൽ 40 മീറ്ററിനപ്പുറത്തേക്ക് സ്കൂബ ടീമിന് നീങ്ങാൻ കഴിഞ്ഞില്ല. ടണലിന് താഴെ ഒരാൾപ്പൊക്കത്തിൽ ചെളിയും മാലിന്യവും. 250 മീറ്ററാണ് റെയിൽ വേ പ്ലാറ്റ്ഫോമിന് അടിയിലുള്ള ആമയഴിഞ്ചൻ തോടിന്റെ നീളം.
രാവിലെ 10 മണിക്കായിരുന്നു ജോയിയെ കാണാതായത്. തിരുവനന്തപുരം മാരായമുട്ടം സ്വദേശിയാണ് കാണാതായ ജോയ്. രാവിലെ ശക്തമായ മഴയിൽ ആമയിഴഞ്ചാൻ തോട് ശക്തമായ അടിയൊഴുക്കിൽപ്പെട്ടു പോവുകയായിരുന്നു ജോയ്. മാരായമുട്ടം വടകരയിൽ അമ്മയ്‌ക്കൊപ്പമാണ് അവിവാഹിതനായ ജോയിയുടെ താമസം. ആക്രിസാധനങ്ങൾ ശേഖരിച്ച് വിൽക്കുന്നതായിരുന്നു ജോയിയുടെ വരുമാനമാർഗം. ഇതിനിടെയാണ് കരാറുകാർ വിളിച്ചപ്പോൾ തോട് വൃത്തിയാക്കുന്ന ജോലിക്കായി പോയത്.