കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സഞ്ജയ് റോയ് ഇന്നലെ നടന്ന നുണപരിശോധനയ്ക്കിടെ കുറ്റസമ്മതം നടത്തിയെന്ന് റിപ്പോർട്ട്. ക്രൂരമായ കൊലപാതക കൃത്യം നടത്തിയ അതേദിവസം കൊൽക്കത്തയിലെ തെരുവിൽ വച്ച് മറ്റൊരു സ്ത്രീക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും ഇയാൾ സമ്മതിച്ചു. സംഭവം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇന്ത്യാ ടുഡെ നേരത്തെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.
ആർജി കർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന സുഹൃത്തിൻ്റെ സഹോദരനെ കാണാനാണ് സുഹൃത്തിനൊപ്പം താൻ മെഡിക്കൽ കോളേജിലെത്തിയതെന്നാണ് പ്രതി സിബിഐക്ക് നൽകിയ മൊഴി. രാത്രി 11.15 ഓടെ മദ്യപിക്കാനായി പദ്ധതിയിട്ട് സഞ്ജയും സുഹൃത്തും മെഡിക്കൽ കോളേജിന് പുറത്തേക്ക് പോയി. റോഡിൽ വച്ച് മദ്യപിച്ച ശേഷം ഇരുവരും നോർത്ത് കൊൽക്കത്തയിലെ സോനാഗച്ചിയിലേക്ക് പോയി. വേശ്യാലയമായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാൽ കാര്യം നടക്കാതെ വന്നതോടെ ഇരുവരും സൗത്ത് കൊൽക്കത്തയിലെ ഛേത്‌ലയിലെ വേശ്യാലയം ലക്ഷ്യമക്കി പോയി. ഇവിടെ വച്ച് സുഹൃത്ത് ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഈ സമയത്ത് സഞ്ജയ് തൻ്റെ കാമുകിയുമായി വീഡിയോ കോളിൽ സംസാരിച്ചു. സഞ്ജയ് ആവശ്യപ്പെട്ട പ്രകാരം യുവതി ആ സമയത്ത് നഗ്ന ചിത്രങ്ങൾ അയച്ചു കൊടുത്തു.
ഛേത്ലയിൽ നിന്ന് ഇരുവരും ആർജി കർ മെഡിക്കൽ കോളേജിലേക്ക് തിരികെ വന്നു. ഇവിടെയെത്തിയ ശേഷം സഞ്ജയ് നേരെ പോയത് മെഡിക്കൽ കോളേജിലെ നാലാം നിലയിലെ ട്രോമ സെൻ്ററിലേക്കായിരുന്നു. പുലർച്ചെ 4.03 ന് ഇയാൾ സെമിനാർ ഹാളിലേക്ക് പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളുണ്ട്.