മുണ്ടുടുത്ത കർഷകന് പ്രവേശനം നിഷേധിച്ച ബെംഗളരുവിലെ മാൾ അടച്ചുപൂട്ടി. കർണാടക സർക്കാരാണ് ഒരാഴ്ചത്തേക്ക് മാളിൻ്റെ പ്രവർത്തനം നിർത്താൻ ഉത്തരവിട്ടത്. വയോധികനായ കർഷകന് പ്രവേശനം നിഷേധിച്ച സംഭവം വാർത്തയായതിന് പിന്നാലെയാണ് നീക്കം.
ബെംഗളൂരുവിലെ ജിടി വേൾഡ് മാളിനെതിരെയാണ് നടപടിയെടുത്തത്. സമൂഹമാധ്യമങ്ങളിൽ വൻ തോതിൽ വിമർശനം ഉയർന്നതിന് പിന്നാലെയായിരുന്നു സംസ്ഥാന സർക്കാരിൻ്റെ നീക്കം. നിയമപരമായാണ് മാളിനെതിരെ നടപടി സ്വീകരിച്ചതെന്ന് വ്യക്തമാക്കി നഗര വികസന മന്ത്രി ബ്യാരതി സുരേഷ് രംഗത്ത് വന്നു. ബൃഹത് ബെംഗളൂരു മഹാനഗര പാലികെയിലെ മുൻ കമ്മീഷണർമാരിലൊരാളുമായി സംസാരിച്ചുവെന്നും അതിന് ശേഷമാണ് നടപടി സ്വീകരിച്ചതെന്നും അവർ പറഞ്ഞു.
പുതിയ ഭാരതീയ ന്യായ് സംഹിത അടിസ്ഥാനമാക്കി മാളിനെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്യായമായി ഒരാളെ തടഞ്ഞതാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഫകീരപ്പ എന്ന വയോധികനായ കർഷകനും അദ്ദേഹത്തിന്റെ മകനുമാണ് മാളിലെ സുരക്ഷാ ജീവനക്കാരുടെ നീച നടപടിക്ക് ഇരയായത്. മാളിൽ സിനിമ കാണാനെത്തിയതായിരുന്നു ഇരുവരും. എന്നാൽ വസ്ത്രധാരണത്തിൽ പ്രശ്നം ഉന്നയിച്ച് ഇരുവരെയും മാളിലേക്ക് കടത്തിവിട്ടിരുന്നില്ല.
സുരക്ഷാ ജീവനക്കാരോട് കർഷകനും മകനും അകത്തേക്ക് കടത്തിവിടണമെന്ന് ആവശ്യപ്പെടുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളി പ്രചരിച്ചത്. കർണാടകയിലെ ഹാവേരി ജില്ലയിൽ നിന്നുള്ള വയോധിക കർഷകനാണ് ഫകീരപ്പ. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന മകനെ കാണാനാണ് അദ്ദേഹം മഹാനഗരത്തിലെത്തിയത്. എന്നാൽ മാളിലെ ചട്ടം അനുസരിച്ച് മുണ്ടുടുത്ത് വരുന്നവർക്ക് പ്രവേശനം നൽകാനാവില്ലെന്നായിരുന്നു സെക്യൂരിറ്റി ജീവനക്കാരുടെ ന്യായം. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും സെക്യൂരിറ്റി ജീവനക്കാരൻ ഇവരെ അകത്തേക്ക് കയറ്റിവിടാൻ തയ്യാറായിരുന്നില്ല. കർഷകനോട് പാൻ്റ് ധരിച്ച് വരാനും സെക്യൂരിറ്റി ജീവനക്കാരൻ ആവശ്യപ്പെട്ടിരുന്നു.