ന്യൂഡൽഹി: അമ്പത്തിയഞ്ചാമത് ജിഎസ്ടി കൗൺസിൽ യോഗം ശനിയാഴ്ച അവസാനിച്ചതോടെ വില കൂടുന്നതും കുറയുന്നതുമായ സാമഗ്രികളുടെ ചിത്രം പുറത്തുവന്നു. ബിസിനസുകാർക്കും വ്യക്തികൾക്കും ആശ്വാസമാകുന്നതാണ് പുതിയ തീരുമാനങ്ങൾ എന്നാണ് കൗൺസിലിന്റെ വാദം.
സമ്പുഷ്ടീകരിച്ച അരിയുടെ ഉപഭോഗം വർധിപ്പിക്കാനായി, അവയുടെ ജിഎസ്ടി നിരക്ക് 5% ആയി കുറച്ചിട്ടുണ്ട്. സാധാരണ ജനങ്ങൾക്ക് കൂടുതലായി ഈ അരി ലഭ്യമാക്കാനാണ് ഈ നീക്കം എന്നാണ് മനസിലാക്കപ്പെടുന്നത്. പ്രധാനപ്പെട്ട മെഡിക്കൽ സേവനമായ ജീൻ തെറാപ്പിയെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുകയാണ് ചെയ്തിട്ടുള്ളത്. ഈ നീക്കം അവയുടെ നിരക്ക് കുറയ്ക്കുമെന്നും കൂടുതൽ ആളുകളിലേക്ക് ഈ സേവനം എത്തിക്കാൻ സാധിക്കുമെന്നുമാണ് കരുതപ്പെടുന്നത്.
മോട്ടോർ വെഹിക്കിൾ ആക്സിഡന്റ് ഫണ്ടിലേക്ക് തേർഡ് പാർട്ടി ഇൻഷുറൻസിൽ നിന്ന് ഇൻഷുറൻസ് കമ്പനികൾ അടയ്ക്കുന്ന തുകയെയും ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൗച്ചറുകൾ ഉൾപ്പെടുന്ന സാമ്പത്തിക വ്യവഹാരങ്ങളെയും ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാങ്കിങ് ഇതര സാമ്പത്തിക സ്ഥാപനങ്ങൾ, ഈടാക്കുന്ന പീനൽ ചാർജുകളെയും ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മർച്ചന്റ് എക്സ്പോർട്ടേഴ്സിനുളള കോമ്പൻസേഷൻ സെസ് 0.1 ശതമാനമായി കുറയ്ക്കാനും തീരുമാനമായി. ഹോട്ടൽ സർവീസുകളുടെ ടാക്സ് നിരക്കുകളിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട്.
എന്നാൽ ഉപയോഗിച്ച വാഹനങ്ങൾ വിൽക്കുമ്പോൾ, അവയിലെ ലാഭത്തിന്റെ മുകളിൽ 18 ശതമാനം ജിഎസ്ടി ഈടാക്കും. ഇത് സെക്കൻഡ് ഹാൻഡ് കാറുകളുടെ വാഹനങ്ങളുടെ വില കൂടാൻ കാരണമായേക്കും. പകുതിയിലേറെ ഫ്‌ളൈ ആഷ് കൊണ്ടുനിർമിക്കുന്ന, കോൺക്രീറ്റ് കടകൾക്ക് 5% നികുതി ഏർപ്പെടുത്തി. പാക്ക് ചെയ്തിട്ടില്ലാത്ത പോപ് കോർണിന് 5 ശതമാനവും, പാക്ക്ഡ് പോപ് കോണിന് 12 ശതമാനവുമാണ് ജിഎസ്ടി.