Kerala News

ജാവദേക്കറുമായുള്ള കൂടിക്കാഴ്ച: ഇപിക്കെതിരെ കടുത്ത നടപടി വേണമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം

തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന വെളിപ്പെടുത്തലില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ കടുത്ത നടപടി വേണമെന്ന നിലപാടില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്യും. അതേസമയം നാളത്തെ യോഗത്തിലേക്ക് ഇ പി ജയരാജന്‍ എത്തുമോ എന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇ പി ജയരാജന്‍ കൂടിക്കാഴ്ച്ച നടത്തിയതില്‍ പാര്‍ട്ടി നേതൃത്വത്തിന് കടുത്ത അമര്‍ഷമാണുള്ളത്. മുഖ്യമന്ത്രിയുടെ പരസ്യ ശാസനയ്ക്ക് അപ്പുറം പാര്‍ട്ടി നടപടി എന്താകുമെന്നാണ് ഇനിയുള്ള ആകാംക്ഷ. തിരഞ്ഞെടുപ്പ് വിലയിരുത്തലിനായി നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്യും. വിവാദ കൂടിക്കാഴ്ച്ചയില്‍ ദേശീയ നേതൃത്വവും വിവരങ്ങള്‍ തേടിയിട്ടുണ്ട്. നിര്‍ണായകമായ തിരഞ്ഞെടുപ്പ് ദിവസം തന്നെ കൂടിക്കാഴ്ച്ചാ വിവരം വെളിപ്പെടുത്തിയതിലെ അസ്വാഭാവികതയും നേതൃത്വം പരിശോധിക്കും. ദല്ലാള്‍ നന്ദകുമാറുമായുള്ള സൗഹൃദവും യോഗത്തില്‍ ചര്‍ച്ചയാകും. ഇ പി ജയരാജന് ജാഗ്രതക്കുറവ് ഉണ്ടായെന്ന് മുഖ്യമന്ത്രി തന്നെ പരസ്യപ്രതികരണം നടത്തിയ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തിലും അനിശ്ചതത്വം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴുണ്ടായ വിവാദം പ്രതിപക്ഷ ഗൂഢാലോചനയെന്നാണ് ഇ പി ജയരാജന്റെ മറുപടി.

Related Posts

Leave a Reply