Kerala News

ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും.

കൊച്ചി: സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും തൊഴിൽ സാഹചര്യങ്ങളും പഠിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും. റിപ്പോർട്ട് പുറത്തുവിടുന്നതിനുള്ള സ്റ്റേ ജസ്റ്റിസ് വി ജി അരുൺ ഇന്നുവരെയാണ് നീട്ടിയത്.

ഇതിനിടെ ഹർജിയിൽ കക്ഷി ചേരാൻ സംസ്ഥാന വനിത കമ്മീഷൻ അപേക്ഷ നൽകി. ചില വിവരങ്ങൾ പുറത്തുവിടരുതെന്ന് കമ്മീഷൻ നിർദേശിച്ചിട്ടുണ്ടെന്ന് ഹർജി നൽകിയ നിർമ്മാതാവ് സജിമോൻ പാറയിലിന്റെ അഭിഭാഷകൻ അറിയിച്ചു. കമ്മീഷന്റെ റിപ്പോർട്ട് ആരെയൊക്കെ ബോധിപ്പിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ പുറത്തു വിടേണ്ടതില്ലെന്ന വ്യവസ്ഥ വിവരാവകാശ നിയമത്തിൽ തന്നെയുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹർജിക്കാരനും കക്ഷി അല്ലെന്നായിരുന്നു സംസ്ഥാന വിവരാവകാശ കമ്മീഷൻ്റെ വാദം. ഹർജിക്കാരൻ ഹേമ കമ്മീഷന് മുൻപാകെ ഹാജരായിട്ടില്ല. റിപ്പോർട്ടിൽ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങൾ ഉണ്ടെന്ന് ഹർജിക്കാരന് എങ്ങനെ പറയാനാകുമെന്നും വിവരാവകാശ കമ്മീഷൻ ചോദിച്ചു. ഹർജിക്കാരൻ മറ്റാർക്കോവേണ്ടി സംസാരിക്കുകയാണെന്നും വിവരാവകാശ കമ്മീഷൻ വാദിച്ചിരുന്നു.

സ്വകാര്യത ലംഘനം സംബന്ധിച്ച് ഇതുവരെ ആരം എതിർപ്പ് ഉയർത്തിയിട്ടില്ലെന്നും സ്വകാര്യത ലംഘിക്കുന്ന വിവരങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ടതെന്നും വിവരാവകാശ കമ്മീഷൻ കോടതിയിൽ വാദിച്ചിരുന്നു. ഹൈക്കോടതിയെ സമീപിക്കാനുള്ള അവകാശം ഹർജിക്കാരനില്ലെന്ന വാദവും എസ്‌ഐസി മുന്നോട്ടു വച്ചു. ചലച്ചിത്ര നിർമ്മാതാവിൻ്റേത് സ്വകാര്യ താൽപര്യമുള്ള ഹർജിയെന്നും വിവരാവകാശ കമ്മിഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കിയതാണ്.

സിനിമ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ജൂലൈ 24ന് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചിരുന്നു. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് പുറത്തുവിടാനായിരുന്നു സർക്കാർ തീരുമാനം. ഇത് തടയണമെന്നാവശ്യപ്പെട്ടായിരുന്നു സജിമോൻ ഹൈക്കോടതിയെ സമീപിച്ചത്. റിപ്പോർട്ട് പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ദുൾ ഹക്കീമായിരുന്നു ഉത്തരവിട്ടത്. വിവരാവകാശ നിയമ പ്രകാരം അപ്പീൽ സമർപ്പിച്ചവർക്ക് ജൂലൈ 26 നകം റിപ്പോർട്ടിന്റെ പകർപ്പ് നൽകാനായിരുന്നു കമ്മീഷണറുടെ ഉത്തരവ്.

Related Posts

Leave a Reply