Kerala News

ജലവിതരണം മുടങ്ങിയതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഒന്നര മണിക്കൂര്‍ വൈകി.

കോഴിക്കോട്: ജലവിതരണം മുടങ്ങിയതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഒന്നര മണിക്കൂര്‍ വൈകി. ഇന്നലെ 11 മൃതദേഹങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിച്ചിരുന്നത്. ഇതില്‍ അഞ്ച് മൃതദേഹങ്ങളുടെ നടപടിക്രമങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ജലവിതരണം നിലയ്ക്കുകയായിരുന്നു. ഇതോടെ അവശേഷിച്ച ആറ് മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടമാണ് വൈകിയത്. കൂളിമാട് നിന്നുള്ള പൈപ്പ് ലൈന്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ കുറ്റിക്കാട്ടൂര്‍ ഭാഗത്ത് പൊട്ടിയതാണ് പ്രതിസന്ധിയുണ്ടായത്. കൂളിമാട് നിന്നുള്ള ജലവിതരണത്തില്‍ എന്തെങ്കിലും പ്രയാസമുണ്ടായാല്‍ സാധാരണ മൂഴിക്കല്‍ പമ്പില്‍ നിന്നും വെള്ളം ലഭ്യമാക്കാറുണ്ട്. എന്നാല്‍ ഇവിടെ വൈദ്യുതി നിലച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. തുടര്‍ന്ന് ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിച്ച് പ്രശ്‌നം താല്‍ക്കാലികമായി പരിഹരിക്കുകയായിരുന്നു. ഇതിനകം തന്നെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഒന്നര മണിക്കൂറോളം വൈകി. ഈ ആഴച് ഇത് രണ്ടാം തവണയാണ് പൈപ്പ് പൊട്ടിയത് മൂലം ജലവിതരണം തടസ്സപ്പെടുന്നത്. പൈപ്പ് പൊട്ടുന്ന സാഹചര്യങ്ങളില്‍ മോര്‍ച്ചറിയില്‍ ജലവിതരണം തടസ്സപ്പെടാതിരിക്കാന്‍ പുതിയ ടാങ്ക് സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പിഡബ്ല്യുഡിയുടെ നേതൃത്വത്തില്‍ 2000ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കാണ് സ്ഥാപിക്കുക. 

Related Posts

Leave a Reply