International News

ജര്‍മനിയിലെ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് പാഞ്ഞുകയറിയ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു

ജര്‍മനിയിലെ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് പാഞ്ഞുകയറിയ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു. അറുപതിലേറെ പേര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ഇത് കരുതിക്കൂട്ടിയുള്ള ഭീകരാക്രമണമെന്ന് ജര്‍മനിയിലെ പ്രാദേശിക ഭരണകൂടങ്ങള്‍ ആരോപിച്ചു. മാഗ്‌ഡെബര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റിലാണ് ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 50 വയസ് പ്രായമുള്ള ഒരു സൗദി അറേബ്യന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ ഒരു ഡോക്ടറാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ജര്‍മനിയിലെ സ്ഥിരതാമസക്കാരനാണ്.

സംഭവത്തില്‍ സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രാലയം ദുഃഖം രേഖപ്പെടുത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു കറുത്ത കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് അതിവേഗത്തില്‍ പാഞ്ഞുകയറുന്നതും ആളുകള്‍ നിമിഷ നേരം കൊണ്ട് ചിതറിയോടുന്നതും ദൃശ്യങ്ങളില്‍ കാണാം. പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും പ്രദേശത്ത് അതിശക്തമായ സുരക്ഷ ഏര്‍പ്പാടാക്കിയെന്നും ജര്‍മന്‍ പൊലീസ് അറിയിച്ചു.

140 സ്റ്റാളുകളിലേറെ ഉണ്ടായിരുന്ന പ്രശസ്തമായ ക്രിസ്മസ് മാര്‍ക്കറ്റില്‍ അപകടം നടക്കുമ്പോള്‍ നൂറുകണക്കിന് ആളുകളാണ് ഉണ്ടായിരുന്നത്. മാര്‍ക്കറ്റ് ആക്രമണത്തില്‍ അതീവ ദുഃഖമുണ്ടെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പ്രതികരിച്ചു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഷോള്‍സ് രാജി വയ്ക്കണമെന്ന് ലോകത്തെ ഏറ്റവും സമ്പന്നനും സ്‌പേസ് എക്‌സ് സിഇഒയുമായ ഇലോണ്‍ മസ്‌ക് വിമര്‍ശിച്ചു.

Related Posts

Leave a Reply