ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി. തീരപ്രദേശങ്ങളിൽ പലയിടത്തും സുനാമി തിരമാലകൾ ആഞ്ഞടിക്കുന്നതായി റിപ്പോർട്ട്. പ്രദേശത്ത് നിന്നും ജനങ്ങളെ എത്രയും വേഗം ഒഴിപ്പിക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി നിർദ്ദേശം നൽകി. ജപ്പാനിൽ വീണ്ടും ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച വടക്കൻ-മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകുകയും ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് പലയിടത്തും സുനാമി തിരമാലകൾ ആഞ്ഞടിച്ചത്. ടോയാമ, നിഗറ്റ, കാശിവാസാക്കി എന്നിവിടങ്ങളിൽ 80 സെന്റീമീറ്റർ മുതൽ 0.4 മീറ്റർ വരെ ഉയരത്തിലാണ് തിരമാലകൾ അടിക്കുന്നത്. ഇഷികാവ, ടോയാമ പ്രവിശ്യകളിൽ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തെത്തുടർന്ന് ആണവ നിലയങ്ങളിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജപ്പാൻ ചീഫ് കാബിനറ്റ് സെക്രട്ടറി ഹയാഷി യോഷിമാസ സ്ഥിരീകരിച്ചു.