Kerala News

ജനുവരി 14ന് മകരവിളക്ക്, സ്പോട്ട് ബുക്കിം​ഗ് കൗണ്ടറുകളുടെ എണ്ണം കൂട്ടും

ശബരിമല തീർത്ഥാടകർക്കായി പമ്പയിലെ സ്പോട്ട് ബുക്കിം​ഗ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കും. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ചേർന്ന അവലോകന യോഗത്തിൽ ആണ് തീരുമാനം. നിലവിൽ ഏഴ് കൗണ്ടറുകളാണുള്ളത്. അവ പത്താക്കി ഉയർത്തും. 60 വയസ് പൂർത്തിയായവർക്ക് മാത്രമായി പ്രത്യേക കൗണ്ടർ തുറക്കും. വരുമാനത്തിലും ഗണ്യമായ നര്‍ദ്ധനയുണ്ടായതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഹാപ്പിയാണ്. ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ തന്നെ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിരുന്നു.

ഡിസംബർ മുപ്പതിന് വൈകിട്ടാണ് മകരവിളക്ക് മഹോത്സവത്തിനായി ഇനി ശബരിമല നട തുറക്കുന്നത്. ജനുവരി 14 നായിരിക്കും മകരവിളക്ക് മഹോത്സവം നടക്കുക. കാര്യമായ പരാതികളും പ്രശ്‌നങ്ങളുമില്ലാതെ ശബരിമലയില്‍ മണ്ഡലകാല സീസണ്‍ പൂര്‍ത്തിയാക്കിയതിന്റെ ആശ്വാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടും കാര്യമായ പരാതികള്‍ ഉയര്‍ന്നിട്ടില്ല.

അതേസമയം കാലേകൂട്ടി നടത്തിയ തയാറെടുപ്പുകളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെയും ഫലമാണ് പരാതിരഹിതമായ മണ്ഡലതീർഥാടനകാലമെന്നു ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. മണ്ഡലപൂജ ക്രമീകരണങ്ങളും മകരവിളക്ക് ഒരുക്കങ്ങളും വിലയിരുത്താൻ ശബരിമല സന്നിധാനത്തു സന്ദർശനത്തിനെത്തിയതായിരുന്നു മന്ത്രി. ഒരുലക്ഷത്തിലേറെ തീർഥാടകർ വന്ന ദിവസമുണ്ടായിട്ടും ഒരാൾ പോലും ദർശനം കിട്ടാതെ മടങ്ങേണ്ടി വന്ന സാഹചര്യമുണ്ടായിട്ടില്ല.

41 ദിവസം പൂർത്തിയാകുമ്പോൾ വന്ന എല്ലാ അയ്യപ്പഭക്തന്മാർക്കും ദർശനം ഉറപ്പാക്കി. അവർ സംതൃപ്തിയോടെ മടങ്ങുന്ന കാഴ്ചയാണു കണ്ടത്. അത്തരത്തിലായിരുന്നു ആസൂത്രണത്തിലെ മികവ്. പതിനെട്ടാം പടിയിൽ ഒരുമിനിട്ടിൽ 85-90 പേർ കയറുന്ന സാഹചര്യം സൃഷ്ടിക്കാനായത് ദർശനം സുഗമാക്കാൻ തുണച്ചു. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും സന്നദ്ധസംഘടകളെക്കൂടി ഉൾപ്പെടുത്തി കാലേകൂട്ടി ചർച്ചകൾ നടത്തിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Posts

Leave a Reply