ഛത്തീസ്ഗഡ്: ഛത്തീസ്ഗഡ് ധുർഗ് ജില്ലയിലെ കുംഹരിയിൽ ബസ്സ് കൊക്കയിൽ വീണ് 12 പേർ മരിച്ചു. 14 പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തെ മറികടക്കവേ തെന്നിയാണ് ബസ്സ് കൊക്കയിലേക്ക് വീണത്. ചൊവ്വാഴ്ച്ച രാത്രി 8.30 ഓടെയാണ് അപകടം ഉണ്ടായത്. ജോലിക്കായി തൊഴിലാളികളുമായി വന്ന ബസ്സ് ആണ് അപകടത്തിൽ പെട്ടതെന്നും ഇനിയും മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ധുർഗ് ജില്ലാ കളക്ടർ റിച്ചാ പ്രകാശ് ചൗധരി അറിയിച്ചു. അപകടത്തിൽ പരിക്ക് പറ്റിയവർ എല്ലാവരും ആശുപത്രികളിൽ ചികിത്സയിലാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. പരിക്ക് പറ്റിയ പന്ത്രണ്ട് പേരെ റായ്പ്പൂരിലെ എയിംസിലും മറ്റ് രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി കളക്ടർ അറിയിച്ചു. എല്ലാവരും ഇപ്പോൾ അപകട നില തരണം ചെയ്തിട്ടുണ്ടെന്നും എല്ലാവർക്കും വേണ്ട കൃത്യമായ ചികിത്സ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. വളരെ ബുദ്ധിമുട്ടിയാണ് യാത്രക്കാരെ ബസ്സിൽ നിന്ന് പുറത്ത് എടുത്തതെന്നും അപകടത്തിൻ്റെ കൃത്യമായ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
വളരെ അപ്രതീക്ഷിതമായ ഒരു സംഭവമാണെന്നും മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് എക്സിൽ കുറിച്ചു. മരിച്ചവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു എന്നും പരിക്ക് പറ്റിയവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.