റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ഇന്ദ്രാവതി നാഷണൽ പാർക്കിലെ ഉൾവനത്തിലുണ്ടായ ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകളെ വധിച്ചു. ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് കൊല്ലപ്പെടുകയും. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 31 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായും ബസ്തർ പൊലീസ് വ്യക്തമാക്കി. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പാർക്കിലെ ഒരു പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ സേനയുടെ സംയുക്ത സംഘം സ്ഥലത്തേക്ക് നീങ്ങുമ്പോഴാണ് ഏറ്റുമുട്ടൽ നടന്നത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി റായ്പൂരിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ജനുവരി 12-ന് മൂന്ന് മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നിരുന്നു. ഇന്ദ്രാവതി ദേശീയോദ്യാനത്തിൽ ഈ വർഷം നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.
അബുജ്മദ് വനമേഖലയോട് ചേർന്നുള്ള ദേശീയോദ്യാന പ്രദേശം മാവോയിസ്റ്റുകൾക്ക് സുരക്ഷിത താവളമാണെന്നാണ് കണക്കാക്കപ്പെടുന്നത്. 2,799.08 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുകയും 1983-ൽ കടുവ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു.