ചേലക്കര പിടിക്കുമെന്ന വ്യാമോഹം ചിലർ പരസ്യമായി പറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കരയിലെ തിരഞ്ഞെടുപ്പ് റാലി ഉദ്‌ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്നവർ ന്യൂനപക്ഷങ്ങളെ അക്രമിക്കാൻ നേതൃത്വം നൽകുകയാണ്. രാജ്യത്ത് ക്രൈസ്തവ വിഭാഗം സംഘപരിവാർ അക്രമണം നേരിടുന്നു. ഒരു നടപടിയും സ്വീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ അക്രമികള്‍ക്ക് സംരക്ഷണം നൽകുകയാണ് ചെയ്യുന്നത്, ചുരുക്കം ചിലരാണ് അതിൽ ശിക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
”ബിജെപി ഉള്ളിടത്തോളം കാലം ന്യൂനപക്ഷങ്ങളെ പരിഗണിക്കില്ലെന്നാണ് അമിത് ഷാ പറയുന്നത്. കേന്ദ്രത്തിന്റെ നിലപാടുകൾ അപകടകരമാണ്. അവർ വെറുപ്പിന്റെ അന്തരീക്ഷം നിലനിർത്തുന്നു. രാഷ്ട്രീയ ലാഭമാണ് ബിജെപിയുടെ ലക്ഷ്യം. ഈ വെറുപ്പിന്റെ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുന്നത് കേരളം മാത്രമാണ്. എട്ടര വർഷമായി കേരളത്തിൽ വർഗീയ സംഘർഷങ്ങളില്ല, മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിൽ ക്രമസമാധനം ഭദ്രമാണ്, ഒരു കുറ്റവാളിക്കും സംരക്ഷണമില്ല. മുഖം നോക്കാതെയുള്ള നടപടിയാവും ഉണ്ടാകുക. കുറ്റവാളി ആരെന്ന് സർക്കാർ നോക്കാറില്ല, ഭൂരിപക്ഷ വർഗീയതയോടും ന്യൂന പക്ഷ വർഗീയതയോടും സർക്കാരിന് ഒരേ നിലപാടാണ് ഉള്ളത്. ഭരണ മാറ്റം സാധാരണമെന്നായിരുന്നു യുഡിഎഫ് കരുതിയിരുന്നത്. എൽഡിഎഫിനെതിരെ യുഡിഎഫും ബിജെപിയും ഒന്നായി മാറുകയാണ് ഉണ്ടാകുന്നത്. എന്നിട്ടും ഭരണ മാറ്റം നടന്നില്ല.40 സീറ്റുകളിൽ കോൺഗ്രസ് ജയിച്ചത് തങ്ങളുടെ സഹാത്തോടെയെന്ന് ബിജെപി നേതാവ് പരസ്യമായി പറഞ്ഞ സാഹചര്യം ഉണ്ടായി. കേരളത്തിൽ ബിജെപി – കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട് പല സ്ഥലത്ത് പലവിധത്തില്‍ നടപ്പാക്കുന്നു. നേമത്തുണ്ടാക്കിയ ഡീല്‍ അതിന് ഉദാഹരണം. ചിലയിടത്ത് അത് വിജയിച്ചു. ചിലയിടത്ത് പരാജയപ്പെട്ടു. തൃശൂരിലെ ബിജെപി വിജയത്തില്‍ വോട്ടിന്റെ കണക്ക് പരിശോധിച്ചാല്‍ ആരുടെ വോട്ടാണ് ബിജെപിക്ക് പോയതെന്ന് വ്യക്തമാകും. കോണ്‍ഗ്രസും ബിജെപിയും ഒരേ മനസ്സോടെ എല്‍ഡിഎഫിനെതിരെ നീങ്ങുന്നു”വെന്നും മുഖ്യമന്ത്രി പറഞ്ഞു.