ആലപ്പുഴ: ചേര്‍ത്തല പട്ടണക്കാട് കൊല്ലപ്പെട്ട ആരതിക്ക് ഭര്‍ത്താവിൽ നിന്നുള്ള ഭീഷണി പതിവായതിനാൽ കോടതി പൊലീസ് സംരക്ഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നതായി വിവരം. ഈ സംരക്ഷണ ഉത്തരവ് നിലനിൽക്കെ തന്നെ രണ്ട് മാസം മുൻപ് ആരതിയുടെ വീട്ടിൽ കയറി അക്രമം നടത്തിയ പ്രതി, ഇന്ന് രാവിലെയാണ് ആരതിയെ ജോലി സ്ഥലത്തേക്ക് പോകുമ്പോൾ വഴിയിൽ തടഞ്ഞ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്.
വിവാഹ ബന്ധം തുടര്‍ന്ന് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് മനസിലായതോടെയാണ് ആരതി ശ്യാംജിത്തിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. ഇവരുടെ രണ്ട് മക്കളും ആരതിക്കൊപ്പമായിരുന്നു. എന്നാൽ തന്നോടൊപ്പം മടങ്ങിവരണമെന്നാണ് ശ്യാംജിത്ത് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത്. ഇതിനായി പലകുറി കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ആരതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. പല പ്രാവശ്യം ഇതിന് ശ്യാംജിത്ത് ശ്രമിച്ചു. എന്നാൽ പരാതിയുമായി ആരതിയും ബന്ധുക്കളും പൊലീസ് സ്റ്റേഷനിലെത്തുമ്പോൾ താനിനി ഒരു പ്രശ്നവും ഉണ്ടാക്കില്ലെന്ന് ശ്യാംജിത്ത് പറയുമെന്നും അതോടെ പൊലീസ് മടക്കുമെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ പൊലീസ് സ്റ്റേഷനിൽ നിന്നിറങ്ങി രണ്ട് ദിവസം കഴിയുമ്പോൾ ശ്യാംജിത്ത് വീണ്ടും ഭീഷണിയുമായി വരുന്നത് പതിവായിരുന്നു എന്നാണ് മറ്റൊരു ആരോപണം. അവസാനം ആരതിയുടെ അമ്മയെ കൊല്ലുമെന്നായിരുന്നു ഭീഷണി മുഴക്കിയത്. മാനസിക വെല്ലുവിളി നേരിടുന്നതായ വ്യാജ സര്‍ട്ടിഫിക്കറ്റ് ശ്യാംജിത്ത് വാങ്ങിവച്ചിട്ടുള്ളതായും ആരതിയുടെ ബന്ധുക്കൾ പറയുന്നു.
നേരത്തെ കോടതിയിൽ നിന്ന് ഭര്‍ത്താവിൽ നിന്ന് സംരക്ഷണം വേണമെന്ന് ആരതി ഉത്തരവ് വാങ്ങിയിരുന്നു. രണ്ട് മാസം മുൻപ് ഈ ഉത്തരവ് നിലനിൽക്കെ ആരതിയുടെ വീട്ടിൽ ശ്യാംജിത്ത് അതിക്രമിച്ചെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഈ സംഭവത്തിൽ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല. ചേര്‍ത്തലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലായിരുന്നു ആരതിക്ക് ജോലി. ഇന്ന് രാവിലെ ഓഫീസിലേക്ക് പോകും വഴി ആരതിയുടെ സ്കൂട്ടറിന് മുന്നിൽ ബൈക്ക് നിര്‍ത്തി തടഞ്ഞ ശ്യാംജിത്ത് കൈയ്യിലെ കന്നാസിലുണ്ടായിരുന്ന പെട്രോൾ യുവതിയുടെ തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം ഓടിയ ആരതി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ഈ വീട്ടുകാരാണ് വെള്ളം ഒഴിച്ച് തീയണച്ചത്.
ആദ്യം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ച ആരതിയെ, നില ഗുരുതരമായതിനാലാണ് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. എന്നിട്ടും ജീവൻ രക്ഷിക്കാനായില്ല.