ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ചും വെട്ടിപരുക്കേൽപ്പിച്ചും കൊലപ്പെടുത്തിയ കേസിൽ പ്രതി ഋതുജയൻ്റെ വീട് നാട്ടുകാർ അടിച്ചുതകർത്തു. വടക്കേക്കര പൊലീസ് ഉടൻ സംഭവസ്ഥലത്തെത്തി വീടിന് മുൻപിൽ നിന്ന് നാട്ടുകാരെ മാറ്റി. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് പേരെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന കൂട്ടക്കൊലയിൽ ഞെട്ടൽ മാറാതെ നിൽക്കുകയാണ് ഇപ്പോഴും ചേന്ദമംഗലത്തുക്കാർ.കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ അയൽവാസിയാണ് ഋതു. ഇയാളുടെ ആക്രമണത്തിൽ വിനീഷയുടെ ഭർത്താവ് ജിതിൻ ബോസിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ജിതിൻ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
തൻ്റെ കുടുംബത്തെ നിരന്തരം ആക്ഷേപ്പിച്ചതും സഹോദരിയെ പറ്റി ജിതിൻ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു ഋതു ജയന്റെ വാദം. കൊലപാതകത്തിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന പ്രതി കൊലയ്ക്ക് രണ്ട് ദിവസം മുൻപായിരുന്നു നാട്ടിൽ എത്തിയത്.ജിതിനെ ഋതു ആക്രമിക്കാൻ ചെന്നപ്പോൾ ആദ്യം ജിതിൻ്റെ ഭാര്യ വിനീഷയാണ് പുറത്തിറങ്ങിവന്നത്. വിനീഷയെ അടിച്ച് വീഴത്തിയ ശേഷം പിന്നാലെ വന്ന ജിതിനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ച ശേഷം കത്തികൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും തലയ്ക്കടിച്ചുവീഴ്ത്തി. നാല് പേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വേണുവും ഉഷയും വിനീഷയും മരണപ്പെട്ടിരുന്നു. പിന്നാലെ വീട്ടിൽ നിന്ന് ജിതിന്റെ ബൈക്കുമായി പോയ ഋതുവിനെ പൊലീസ് സംശയാസ്പദമായി പിടികൂടുകയായിരുന്നു.
ഋതുവിനെ അഞ്ച് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പറവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയായിരിക്കും കസ്റ്റഡി അപേക്ഷ പരിഗണിക്കുക. മുനമ്പം ഡി.വൈ.എസ്.പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിൽ 17 അംഗ സംഘത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കസ്റ്റഡിയിൽ ലഭിച്ചാൽ കൃത്യം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരിക്കും തെളിവെടുപ്പ്. മൂന്നു പേരെയും കൊന്നത് താൻ തന്നെയെന്ന് പൊലീസിനോട് ഇതിനോടകം തന്നെ ഋതു മൊഴി നൽകിയിട്ടുണ്ട്. സംഭവ സമയത്ത് പ്രതി ലഹരിയിൽ അല്ലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഋതുവിന് മാനസിക വൈകല്യമില്ല എന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട് . ഇത് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുകൾ പൊലീസിന് ശേഖരിക്കണം . കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം.