ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിൽ പ്രതി ഋതു ജയന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിയെ നാലുദിവസം കസ്റ്റഡിയിൽ ചോദ്യം ചെയുകയും, സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. ആശുപത്രിയിൽ കഴിയുന്ന ജിതിന്റെ ആരോഗ്യനില മെച്ചപ്പെട്ടാൽ മൊഴിയെടുക്കും.
ഇതിനോടകം തന്നെ പരമാവധി ശാസ്ത്രീയ തെളിവുകളും പോലീസ് സമാഹരിച്ചിട്ടുണ്ട്. ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ ആകുമെന്നാണ് കണക്കുകൂട്ടൽ. അന്വേഷണത്തിന്റെ 60 ശതമാനവും പൂർത്തിയായിട്ടുണ്ട്. കൂട്ടക്കൊലയിൽ പശ്ചാത്താപമില്ലെന്നാണ് പ്രതി ഋതു ജയൻ പറയുന്നത്. നിലവിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ജിതിൻ ബോസ് മരിക്കാത്തതിൽ പ്രയാസമുണ്ടെന്ന് പ്രതി പറയുന്നത്. തെളിവെടുപ്പ് സമയത്ത് സ്വന്തം വീട്ടിലും കൂട്ടക്കൊല നടന്ന സ്ഥലത്തും യാതൊരു കൂസലുമില്ലാതെയാണ് പ്രതി ഇടപഴകിയത്.
ജിതിനെ ലക്ഷ്യമിട്ടാണ് മുഴുവൻ ആക്രമണവും നടത്തിയതെന്നാണ് മൊഴി. ജിതിൻ മരിക്കാത്തതിൽ നിരാശ എന്ന് പ്രതി പറയുന്നു. കുടുംബത്തെ മുഴുവൻ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്നും ഋതു ജയൻ മൊഴി നൽകിയിട്ടുണ്ട്. കൂട്ടക്കൊലപാതകത്തിൽ കുറ്റബോധമില്ലെന്ന് ഋതു ജയൻ നേരത്തെയും വ്യക്തമാക്കിയിരുന്നു. അവസരം ഒത്തു വന്നപ്പോൾ കൊന്നു എന്ന് ഋതു ജയൻ കസ്റ്റഡിയിൽ പൊലീസിന് മൊഴി നൽകിയത്.