മുമ്പ് പ്രഗ്നാന്ദ മൂന്ന് തവണ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തിയിട്ടുണ്ട്
ബാകു: ചെസ് ലോകകപ്പിൽ ഇന്ന് കലാശപ്പോര്. ഇന്ത്യയുടെ ആര്‍ പ്രഗ്നാനന്ദയും നോർവെയുടെ മാഗ്നസ് കാൾസണുമാണ് ഫൈനലിൽ നേർക്കുനേർ വരുന്നത്. ഇന്ത്യൻ സമയം വൈകീട്ട് 4.30 നാണ് ഫൈനൽ മത്സരം നടക്കുക. സെമിയില്‍ ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനെയെ അട്ടിമറിച്ചാണ് പ്രഗ്നാനന്ദ കലാശപ്പോരിന് യോഗ്യത നേടിയത്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയാണ് പ്രഗ്നാനന്ദയുടെ എതിരാളി.
മുമ്പ് 2000 ത്തിലും 2002 ലും വിശ്വനാഥൻ ആനന്ദിലൂടെ ഇന്ത്യ ചെസ് ലോകകിരീടം നേടിയിരുന്നു. 2000 ത്തിൽ നടന്ന ആദ്യ ചെസ് ലോകകപ്പിലെ ചാമ്പ്യനാണ് വിശ്വനാഥൻ ആനന്ദ്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ താരം ചെസ് ലോകകപ്പിന്റെ ഫൈനൽ കളിക്കുന്നത്. 31 കാരനായ കാൾസണ് ഇനിയും ഒരു ചെസ് ലോകകപ്പ് നേടാൻ കഴിഞ്ഞിട്ടില്ല. കലാശപ്പോരിന് ഇന്നിറങ്ങുമ്പോൾ നോർവെ താരത്തിന്റെ ലക്ഷ്യവും ആദ്യ ലോക കിരീടം തന്നെയാണ്.
ഇതുവരെ മൂന്ന് തവണ പ്രഗ്നാനന്ദ ലോക ഒന്നാം നമ്പർ താരത്തെ തോൽപ്പിച്ചിട്ടുണ്ട്. 2016 ൽ തന്റെ 10-ാം വയസിലാണ് പ്രഗ്നാനന്ദ മാഗ്നസ് കാൾസനെ ആദ്യമായി തോൽപ്പിച്ചത്. പിന്നാലെ 2018 ലും 2022 ലും കാൾസനെ ഇന്ത്യൻ കൗമാര താരം തോൽപ്പിച്ചിട്ടുണ്ട്. ഒരിക്കൽകൂടി ഇരു താരങ്ങളും ലോകകപ്പ് ഫൈനലിൽ നേർക്കുനേർ വരുകയാണ്. നാലാം തവണയും ലോക ഒന്നാം നമ്പർ താരത്തെ തോൽപ്പിച്ച് ചെസ് ലോകകപ്പ് ഇന്ത്യയിലേക്ക് എത്തിക്കുകയാണ് പ്രഗ്നാനന്ദയുടെ ലക്ഷ്യം.