തൃശൂര്‍: ചെറുതുരുത്തി പള്ളിക്കരയിൽ പട്ടാപകൽ വീട്ടിൽ കയറി രണ്ടു സ്ത്രീകളുടെ മാല പൊട്ടിച്ചു. മോഷ്ടാക്കൾ ബൈക്കിൽ രക്ഷപ്പെട്ടു. ചെറുതുരുത്തി നെടുമ്പുര പള്ളിക്കരയിൽ ഏകദേശം ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മോഷണം നടന്നത്. ബൈക്കിൽ എത്തിയ രണ്ട് അംഗ സംഘമാണ് വീട്ടിൽ കയറി വയോധികയുടെയും യുവതിയുടെയും സ്വർണ്ണമാല പൊട്ടിച്ചെടുത്തത്. വീട്ടിലെത്തിയ ഇവർ അഴയിൽ കിടന്നിരുന്ന ടവൽ ഉപയോഗിച്ച് രജിതയുടെ വായ പൊത്തിപ്പിടിച്ച് മാല വലിച്ചു പൊട്ടിച്ചു. അവശിയായി വീടിനുള്ളിൽ കിടന്നിരുന്ന വാഴയിൽവീട്ടിൽ ഉർവശി എന്ന 87 വയസ്സുകാരി യുടെയും മാല പൊട്ടിച്ചെടുക്കുകയായിരുന്നു. രജിതയുടെ മൂന്നു പവൻ മാലയും ഉർവശിയുടെ ഒരു പവൻ മാലയും അടക്കം നാലു പവൻ സ്വർണമാണ് നഷ്ടമായത്. സംഭവസ്ഥലത്ത് ചെറുതുരുത്തി പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.