Kerala News

ചാലിയാറിൽ നിന്നും കണ്ടെടുത്ത ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.

കോഴിക്കോട്: വയനാട്ടിലെ ദുരന്തമുഖത്ത് നിന്നും ചാലിയാറിൽ നിന്നും കണ്ടെടുത്ത ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. പരിശോധനയ്ക്ക് ശേഷം ശരീരഭാഗങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകും. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുളള നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരും രാസ പരിശോധന വിദഗ്ധരുമാണ് സംഘത്തിലുള്ളത്.

കൽപറ്റ ഡിവൈഎസ്പി പി ബിജുരാജിന്റെ നേതൃത്വത്തിൽ വിവധ ആശുപത്രികൾ, ഹെൽത്ത് സെന്ററുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുക. വിവിധ ആശുപത്രികളിൽ നിന്ന് 79 ശരീരഭാഗങ്ങളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. അവയവങ്ങളുടെ ഇൻക്വെസ്റ്റ് നടത്തിയ ശേഷം ഡിഎൻഎ പരിശോധിച്ച് റിപ്പോർട്ട് നൽകും.

കാണാതായവരുടെ അടുത്ത ബന്ധുക്കളുടെ ഡിഎൻഎ പരിശോധിക്കുന്നതാണ് മറ്റൊരു നടപടി. ഇതിൽ സാമ്യം കണ്ടെത്തുന്ന ബന്ധുക്കൾക്ക് ബോഡി വിട്ടു നൽകും. അതേസമയം മുണ്ടക്കൈയിലും ഇന്ന് രക്ഷാപ്രവർത്തനം നടത്തും. ചാലിയാർ കേന്ദ്രീകരിച്ചും പരിശോധനയുണ്ടാകും. പരിശോധനയിൽ നേവിയും വനംവകുപ്പും കോസ്റ്റ് ഗാർഡും ഭാഗമാകും.

Related Posts

Leave a Reply