Kerala News

ചാലക്കുടി മേലൂരിൽ സ്വയം പ്രസവം എടുത്തതിനെ തുടർന്ന് നവജാത ശിശു മരിച്ചു.

ചാലക്കുടി മേലൂരിൽ സ്വയം പ്രസവം എടുത്തതിനെ തുടർന്ന് നവജാത ശിശു മരിച്ചു. ഒഡീഷാ സ്വദേശി ഗുല്ലി – ശാന്തി ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. വീട്ടിൽ വച്ച് പ്രസവം നടത്തുകയും പൊക്കിൾകൊടി അറുത്തുമാറ്റിയതിന് പിന്നാലെ കുട്ടി മരിക്കുകയുമായിരുന്നു. തിങ്കളാഴ്ച ആശുപത്രിയിൽ പോയിരുന്നെങ്കിലും ഡോക്ടർ ഇല്ലാതിരുന്നതാണ് വീട്ടിൽ പ്രസവിക്കാൻ ഇടയാക്കിയതെന്ന് ഗുല്ലി ആരോപിച്ചു.

എന്നാൽ രണ്ടാഴ്ച മുൻപ് തന്നെ ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ നിർദ്ദേശിച്ചിരുന്നു എന്നാണ് ആശാവർക്കറുടെ വാദം. ഗുരുതരമായ രക്തസ്രാവത്തെ തുടർന്ന് ശാന്തി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അമിതമായ രക്തസ്രാവത്തെ തുടർന്നാണ് കുട്ടി മരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. ശാന്തി ഗർഭിണിയാണെന്ന് ആശ വർക്കർമാർ അറിഞ്ഞത് ഏറെ വൈകിയായിരുന്നു. പിന്നീട് ഇവർക്ക് വേണ്ട ചികിത്സയും നിർദേശങ്ങളും നൽകിയെന്നാണ് ആശവർക്കർ വ്യക്തമാക്കുന്നത്.

ആശുപത്രിയിൽ അഡ്മിറ്റാകാൻ നിർദേശം നൽകിയെങ്കിലും ആശുപത്രിയിലെത്തിയില്ല. തുടർന്ന് ഇന്ന് വീട്ടിൽവെച്ചാണ് ശാന്തി പ്രസവിക്കുന്നത്. ഭർത്താവ് മാത്രമായിരുന്നു ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. ഇരുവരും ചേർന്ന് പൊക്കിൾകൊടി മുറിച്ചുമാറ്റുകയായിരുന്നു. എന്നാൽ ഭർത്താവ് പറയുന്നത് ശാന്തി തന്നെ പൊക്കിൾ‌കൊടി മുറിച്ചുമാറ്റുകയായിരുന്നുവെന്നാണ്. രക്തസ്രാവത്തെ തുടർന്ന് കുട്ടി ഉടൻ തന്നെ മരിച്ചു. ശാന്തിക്കും രക്തസ്രാവം ഉണ്ടായി. തുടർന്ന് ഭർത്താവ് ആശവർക്കറെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പിന്നാലെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Related Posts

Leave a Reply