പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ചാണ്ടി ഉമ്മന്റെ മണ്ഡല പര്യടനം രാവിലെ എട്ടുമണിക്ക് നാലുന്നാക്കൽ കവലയിൽ നിന്ന് ആരംഭിക്കും. ചരിത്ര ഭൂരിപക്ഷം നൽകി വിജയിപ്പിച്ച വോട്ടർമാരെ നേരിൽ കാണാനാണ് പര്യടനം. മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ആഹ്ലാദ പരിപാടികളും നടക്കും.
തിങ്കളാഴ്ചയാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ. നിയമസഭ വീണ്ടും ചേരുന്ന ദിവസം രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയുടെ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും. 11 തീയതിയാണ് നിയമസഭ സമ്മേളിക്കുന്നത്.
അതേസമയം, പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ മണർകാട് നടന്ന സംഘർഷങ്ങളിൽ പൊലീസ് നടപടി തുടരുകയാണ്. ഇന്നും പൊലീസ് സുരക്ഷ മണർകാട് കവലയിൽ ഉണ്ടാകും. സംഭവത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരെ ചാണ്ടി ഉമ്മൻ ആശുപത്രിയിലെത്തി സന്ദർശിച്ചു.
37,719 വോട്ടുകൾക്ക് ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്കെത്തുന്നത്. കന്നിയങ്കത്തിൽ അഭിമാന വിജയത്തിലൂടെ ഈ നിയമസഭയിലെ ഏറ്റവും ഭൂരിപക്ഷമുള്ള യുഡിഎഫ് എംഎൽഎ കൂടിയായി മാറിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ.
മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ മീനടത്തും അയർക്കുന്നത്തും മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുറഞ്ഞെങ്കിലും മണർകാട് ഒഴികെ പഞ്ചായത്തുകളിൽ യുഡിഎഫ് ലീഡ് നേടിയിരുന്നു. എന്നാൽ ഇത്തവണ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് ലീഡ് നേടി.
ഇത് അപ്പയുടെ 13-ാം വിജയമെന്ന് ചാണ്ടി ഉമ്മൻ. അപ്പയെ സ്നേഹിച്ച പുതുപ്പള്ളിക്കാരുടെ വിജയമാണ്. നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിന് ഞാൻ ഭംഗം വരുത്തില്ല.ജനങ്ങൾ അവരുടെ തീരുമാനം അറിയിച്ചു. വോട്ടർമാരോടുള്ള നന്ദി അറിയിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു
ജനങ്ങളുടെ വിശ്വാസത്തിന് ഞാൻ ഒരിക്കലും ഭംഗം വരുത്തില്ല. അപ്പയുടെ വികസന തുടർച്ചയ്ക്ക് ഞാനും പുതുപ്പള്ളിക്കൊപ്പം ഉണ്ടാകും. വോട്ടു ചെയ്യാത്തവരും ചെയ്തവരും എനിക്ക് തുല്യരാണ്. പുതുപ്പള്ളിയുടെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം. കൈയെത്തുന്ന ദൂരത്ത് ഞാൻ ഉണ്ടാകും. 53 വർഷക്കാലം വികസനവും കരുതലുമായി അപ്പ ഉണ്ടായിയുന്നു.താനും അതുപോലെ ഉണ്ടാകുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
