ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇടവേള ബാബു പടിയിറങ്ങി. സിദ്ധിഖാണ് പുതിയ ജനറല്‍ സെക്രട്ടറി. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ തനിക്കെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴും സംഘടനയിലെ അംഗങ്ങള്‍ ഒപ്പം നിന്നില്ലെന്ന പരിഭവം ഉള്‍പ്പെടെ പറഞ്ഞ് ഏറെ വൈകാരികമായ പ്രസംഗം കാഴ്ചവച്ചാണ് ഇടവേള ബാബു പടിയിറങ്ങിയത്. സൈബര്‍ ആക്രമണങ്ങില്‍ താന്‍ ഒറ്റപ്പെട്ടെന്നും, ആരും ഒപ്പമുണ്ടായില്ലെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ ഇടവേള ബാബു വിഷമം പങ്കുവച്ചു. തന്നെ പലരും പെയ്ഡ് സെക്രട്ടറിയെന്ന് വിളിച്ച് അപഹസിച്ചപ്പോള്‍ അമ്മയിലെ ഒരാള്‍ പോലും തന്നെ പിന്തുണയ്ക്കാനുണ്ടായില്ലെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ ഇടവേള ബാബു പറഞ്ഞു.
സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഇന്നസെന്റും ഉള്‍പ്പെടെ നേതൃത്വത്തിലുണ്ടായിരുന്ന എല്ലാവരും തന്നെ പിന്തുണച്ചിട്ടുണ്ടെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ ഇടവേള ബാബു പറഞ്ഞു. തനിക്ക് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നപ്പോള്‍ ഈ പദവിയിലിരിക്കുന്ന ആളിനുവേണ്ടി മറ്റുള്ളവര്‍ സംസാരിക്കണമായിരുന്നെന്നും വരും ഭരണസമിതിയ്ക്ക് നല്ല പിന്തുണ അംഗങ്ങള്‍ നല്‍കണമെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.
25 വര്‍ഷത്തിന് ശേഷം ഇടവേള ബാബു ഒഴിഞ്ഞതോടെയാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ സിദ്ധിഖിനെതിരെ മത്സരിച്ചെങ്കിലും ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണയോടെയാണ് സിദ്ധിഖിന്റെ വിജയം. ജഗദീഷും ജയന്‍ ചേര്‍ത്തലയുമാണ് വൈസ് പ്രസിഡന്റുമാര്‍. മഞ്ജു പിള്ളയും മത്സരരംഗത്തുണ്ടായിരുന്നു. അനൂപ് ചന്ദ്രനെ പരാജയപ്പെടുത്തി ബാബുരാജ് ജോയിന്റ് സെക്രട്ടറിയായി. ഉണ്ണി മുകുന്ദനെ ട്രഷററായും തെരഞ്ഞെടുത്തു.