തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നടന്‍ പ്രേംകുമാറിന് ചുമതല. താല്‍ക്കാലിക ചുമതലയാണ് നല്‍കിയിരിക്കുന്നത്. സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി.
നിലവില്‍ അക്കാദമി വൈസ് ചെയര്‍മാനാണ് പ്രേംകുമാര്‍. ലൈംഗികാതിക്രമ ആരോപണം നേരിടുന്ന സംവിധായകന്‍ രഞ്ജിത്ത് ചുമതലയൊഴിഞ്ഞ സാഹചര്യത്തിലാണ് പ്രേംകുമാറിന് ചുമതല നല്‍കിയത്. ലൈംഗിക ഉദ്ദേശത്തോടെ സംവിധായകന്‍ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് ബംഗാളി നടിയുടെ പരാതി. കേസില്‍ രഞ്ജിത്ത് മുന്‍കൂർ ജാമ്യം തേടിയിട്ടുണ്ട്.
രഞ്ജിത്ത് രാജിവെച്ച സാഹചര്യത്തില്‍ പ്രേംകുമാറിനെ ചുമതലയേല്‍പ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലും മലയാളം സിനിമാ മേഖലയെ പിടിച്ചുകുലുക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്തുകൊണ്ടും ഡബ്ല്യൂസിസിയെ അഭിനന്ദിച്ചും പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള ‘പവര്‍ ഗ്രൂപ്പി’നെക്കുറിച്ച് അറിയില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. അധികാര കേന്ദ്രങ്ങള്‍ എവിടെയെങ്കിലും ഉണ്ടാകാം. ആരും തന്നോട് പരാതി പറഞ്ഞിട്ടില്ലെന്നുമായിരുന്നു നടന്റെ പ്രതികരണം.