Kerala News

ചരിത്ര വിജയം ആഘോഷമാക്കാൻ ബിജെപി; സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ വൻ സ്വീകരണം

തൃശൂര്‍: തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ ചരിത്ര വിജയം ആഘോഷമാക്കാനൊരുങ്ങുകയാണ് ബിജെപി. ഇതിന്‍റെ ഭാഗമായി വിജയക്കൊടി പാറിച്ച സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ സ്വീകരണം നല്‍കും. ഇന്ന് ഉച്ചയോടെ മണ്ഡലത്തിലെത്തുന്ന സുരേഷ് ഗോപിക്ക് കാല്‍ ലക്ഷം പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സ്വീകരണമാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. തൃശ്ശൂരിൽ സുരേഷ് ഗോപി നടത്തിയ പടയോട്ടത്തിൽ ഗുരുവായൂര്‍ മണ്ഡലം മാത്രമാണ് ഇളകാതെ നിന്നത്. ഇടത് കോട്ടകളായ മണലൂരും നാട്ടികയുമടക്കം 6 മണ്ഡലങ്ങളും സുരേഷ് ഗോപിക്കൊപ്പം നിന്നപ്പോൾ മുരളീധരനൊപ്പമായിരുന്നു ഗുരുവായൂർ.

സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവവും മോദി തരംഗവും ചേരുമ്പോള്‍ തൃശ്ശൂർ ഇങ്ങ് പോരും എന്ന് തന്നെയായിരുന്നു തുടക്കം മുതൽ ബിജെപി ക്യാമ്പിന്‍റെ പ്രതീക്ഷ. വോട്ടെണ്ണിത്തുടങ്ങിയപ്പോൾ തന്നെ ആ പ്രതീക്ഷ ഇരട്ടിയാവുകയും ചെയ്തു. എന്നാൽ ബിജെപി പ്രവർത്തകരെയും എതിർ സ്ഥാനാർത്ഥികളെയും ആശ്ചര്യപ്പെടുത്തിയ തോരോട്ടമായിരുന്നു പിന്നീട് മണ്ഡലത്തിൽ. 7 ഇടത്തും ഇടത് എം.എൽഎ മാരുള്ള മണ്ഡലത്തിൽ 6 ഉം ബിജെപിയ്ക്ക് ഒപ്പം നിന്നു. പ്രതീക്ഷിച്ചപോലെ തൃശ്ശൂർ നിയമസഭ മണ്ഡലത്തിലാണ് ഉയർന്ന ഭൂരിപക്ഷം. 14117  വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവിടെ മാത്രം സുരേഷ് ഗോപി നേടിയത്.

പരമ്പരാഗതമായി യുഡിഎഫ് വോട്ട് ബാങ്കിയിരുന്ന ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടുകൾ ഏറെയുള്ള ഒല്ലൂർ, ഇരിങ്ങാലക്കുട മണ്ഡലത്തിൽ ,10,363 ഉം 13,006 മായിരുന്നു ബിജെപി ഭൂരിപക്ഷം. കരുവന്നൂർ ബാങ്കും ഇരകളുമുള്ള ഇരിങ്ങാലക്കുടയിൽ സുരേഷ് ഗോപി നടത്തിയ പദയാത്ര തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിച്ചു. ഗുരുവായൂർ നാട്ടിക, പുതുക്കാട്, ഒല്ലൂർ, മണലൂർ, മണ്ഡലങ്ങളിൽ വി.എസ്.സുനിൽ കുമാർ രണ്ടാമതെത്തിയപ്പോൾ തൃശ്ശൂരിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇടത് സ്ഥാനാർത്ഥി സ്വന്തം ബൂത്തിലും പഞ്ചായത്തിലും സുരേഷ് ഗോപിക്ക് പിന്നിലായി.

കഴിഞ്ഞ തവണത്തേക്കാൽ പതിനാറായിരത്തിലധികം , വോട്ട് കൂടുതൽ നേടാനായത് മാത്രമാണ് ആശ്വാസം.മുസ്ലീലം ന്യൂനപക്ഷ വോട്ടുകൾ ഏറേയുള്ള ഗുരുവായൂരിൽ 7406 വോട്ടിന്‍റ  ഭൂരിപക്ഷം കെ മുരളീധരന് നൽകി. മണ്ഡലത്തിലെ ചരിത്ര വിജയം ആഘോഷമാക്കാൻ വൻ സ്വീകരണമാണ് ഇന്ന് സുരേഷ് ഗോപിയ്ക്ക് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. ഉച്ചകഴിഞ്ഞ് നെടുമ്പാശ്ശേരിയിൽ നിന്ന് കാർ റാലിയായി എത്തിയശേഷം തൃശൂര്‍ സ്വരാജ് റൗണ്ടിൽ സുരേഷ് ഗോപിയെ കാൽലക്ഷം പ്രവർത്തകർ സ്വീകരിക്കും. 7 ദിവസം 7 മണ്ഡലങ്ങളിൽ ആഹ്ലാദ റാലിയും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ഒരാഴ്ച നീളുന്ന ആഘോഷ പ്രകടനങ്ങള്‍ക്കാണ് ബിജെപി ജില്ലാ നേതൃത്വം ഒരുക്കം നടത്തുന്നത്.

Related Posts

Leave a Reply