ഇന്ത്യയുടെ അഭിമാനകരമായ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 യെ പരിഹസിച്ച സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ നടൻ പ്രകാശ് രാജിനെതിരെ കേസെടുത്തു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. ചില ഹിന്ദു സംഘടനാ പ്രവർത്തകരാണ് പരാതി നൽകിയത്. പരാതി സ്വീകരിച്ച പൊലീസ് കേസ് റജിസ്റ്റർ ചെയ്തതായി അറിയിച്ചു. ചന്ദ്രയാൻ പുറത്തുവിട്ട ആദ്യചിത്രം എന്ന പേരിൽ ചന്ദ്രനിൽ ചായ അടിക്കുന്ന ഒരാളുടെ കാർട്ടൂണാണ് പ്രകാശ് രാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് പ്രകാശ് രാജിനെതിരെ ചില സംഘടനകള്‍ പരാതിയുമായി എത്തിയത്.
എന്നാൽ ചന്ദ്രനിൽപ്പോയാലും അവിടെ ചായക്കടയുമായി ഒരു മലയാളിയുണ്ടാകും എന്ന തമാശയാണ് താനുദ്ദേശിച്ചതെന്ന വിശദീകരണവുമായി പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു തന്നെ വിമർശിക്കുന്നവർ ഏത് ‘ചായ്‍വാല’യെ ആണ് ഉദ്ദേശിച്ചതെന്ന് തനിക്കറിയില്ലെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.
അതേസമയം, രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് രണ്ട് ദിവസത്തിനുള്ളിൽ ചന്ദ്രനിൽ ഇറങ്ങും. ആഗസ്റ്റ് 23ന് വൈകിട്ട് 5.45 നാണ് ലാൻഡിങ്ങ് പ്രക്രിയക്ക് തുടങ്ങുക. ആറേ നാലോടെ പേടകം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുമെന്നാണ് ഇസ്രൊ അറിയിപ്പ്.