India News International News Technology Top News

ചന്ദ്രയാന്‍ ദൗത്യങ്ങളുടെ ചരിത്രം

ചന്ദ്രനിൽ സോഫ്റ്റ്ലാന്‍ഡിം​ഗ് നടത്തുന്ന നാലാം രാജ്യമായി ഇന്ത്യ

ഐ എസ് ആര്‍ ഒ ചാന്ദ്ര പര്യവേഷണങ്ങള്‍ക്കായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ചാന്ദ്രയാന്‍ പദ്ധതി. 2003 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി പ്രഖ്യാപിച്ച ചന്ദ്രയാന്‍ പദ്ധതിയുടെ മൂന്നാം ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.

1999ല്‍ ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ യോഗത്തിലാണ് ചന്ദ്രനിലേക്ക് ഒരു ഇന്ത്യന്‍ ശാസ്ത്രദൗത്യം എന്ന ആശയം ആദ്യമായി ഉയര്‍ന്നുവന്നത്. ഐ എസ് ആര്‍ ഒയ്ക്ക് അത്തരമൊരു ദൗത്യം വിജയകരമായി നടപ്പാക്കാനുള്ള ശേഷിയുണ്ടെന്നായിരുന്നു വിലയിരുത്തല്‍. 2003 ഏപ്രിലില്‍ ചന്ദ്രനിലേക്ക് ഒരു ഇന്ത്യന്‍ പേടകം വിക്ഷേപിക്കുന്നതിനുള്ള ടാസ്‌ക്ക് ഫോഴ്‌സിന്റെ ശുപാര്‍ശ ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. 2003 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ അടല്‍ ബിഹാരി വാജ്‌പേയി ചന്ദ്രയാന്‍ ദൗത്യത്തെപ്പറ്റിയുള്ള ആദ്യ പ്രഖ്യാപനം നടത്തി.

ഇതുവരെ ചന്ദ്രനിലേക്ക് മൂന്ന് ദൗത്യങ്ങളാണ് ഇന്ത്യ നടത്തിയിട്ടുള്ളത്. രണ്ട് ഓര്‍ബിറ്ററുകളും ലാന്‍ഡറുകളും റോവറുകളുമാണ് ഈ ദൗത്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നത്. രണ്ട് ഓര്‍ബിറ്ററുകള്‍ വിജയകരമായിരുന്നുവെങ്കില്‍ ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഭാഗമായ ലാന്‍ഡറും റോവറും ചന്ദ്രോപരിതലത്തില്‍ തകര്‍ന്നുവീഴുകയായിരുന്നു.

2008 ഒക്ടോബര്‍ 22നാണ് ചന്ദ്രയാന്‍ 1 വിക്ഷേപിച്ചത്. ചന്ദ്രയാന്‍ 1ലെ പേലോഡായ മൂണ്‍ ഇംപാക്റ്റ് പ്രോബാണ് ചന്ദ്രനില്‍ ജലകണികകളുണ്ടെന്ന് ആദ്യമായി കണ്ടെത്തിയത്. ജലം കണ്ടെത്തുന്നതിനു പുറമേ ചന്ദ്രന്റെ മാപ്പിങ്ങും അന്തരീക്ഷ പ്രൊഫൈലിങ്ങും ചന്ദ്രയാന്‍ 1 നടത്തി.

ചന്ദ്രയാന്‍ 2 ദൗത്യത്തിന് 2008 സെപ്തംബര്‍ 18ന് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ആണ് അനുമതി നല്‍കിയത്. റഷ്യയില്‍ നിന്നുള്ള ലാന്‍ഡറാണ് ഇതില്‍ ആദ്യം ഉപയോഗിക്കാന്‍ തീരുമാനിച്ചത്. പക്ഷേ ലാന്‍ഡര്‍ കൃത്യസമയത്ത് വികസിപ്പിച്ചു നല്‍കുന്നതില്‍ റഷ്യ പരാജയപ്പെട്ടു. ചൊവ്വയിലേക്കുള്ള റോസ്‌കോസ്‌മോസിന്റെ ദൗത്യം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയുടെ ചന്ദ്രയാന്‍ 2വില്‍ നിന്നും റഷ്യ പിന്മാറിയതിനെ തുടര്‍ന്നാണ് സ്വന്തമായി ഇന്ത്യ ചാന്ദ്രദൗത്യം വികസിപ്പിക്കാന്‍ തീരുമാനിച്ചത്.

2019 ജൂലൈ 22നാണ് ചന്ദ്രയാന്‍ 2 വിക്ഷേപിച്ചത്. 2019 ഓഗസ്റ്റ് 20ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിച്ചെങ്കിലും 2019 സെപ്തംബര്‍ ആറിന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചറങ്ങി തകര്‍ന്നു. എന്നാല്‍ ചാന്ദ്രയാന്‍ 2വിന്റെ ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. ഏഴര വര്‍ഷക്കാലത്തേക്ക് ഇത് പ്രവര്‍ത്തനക്ഷമമാണ്.

2023 ജൂലൈ 14നാണ് ചന്ദ്രയാന്‍ 3 വിക്ഷേപിച്ചത്. ചന്ദ്രന്റെ ദക്ഷിണധ്രുവമേഖലയിലാണ് പേടകം സോഫ്റ്റ് ലാന്‍ഡിങ് നടത്താന്‍ ഒരുങ്ങുന്നത്. വിക്രം ലാന്‍ഡറും റോവറും ഉള്‍പ്പെടുന്ന ലാന്‍ഡര്‍ മൊഡ്യൂള്‍ ഓഗസ്റ്റ് 17ന് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും വേര്‍പെട്ടു. ലാന്‍ഡറിന്റെ വേഗം കുറയ്ക്കല്‍ പ്രക്രിയയായ ഡീ ബൂസ്റ്റ് വിജയകരമായി നടപ്പാക്കി. ഓഗസ്റ്റ് 21ന് ചന്ദ്രയാന്‍ 3, ചന്ദ്രയാന്‍ 2 വിന്റെ ഓര്‍ബിറ്ററുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. ചന്ദ്രയാന്‍ 3 ലാന്‍ഡറിന് ബംഗലുരുവിലെ കണ്‍ട്രോള്‍ സെന്ററുമായി നേരിട്ടു ബന്ധപ്പെടാനും ശേഷിയുണ്ട്. ഓഗസ്റ്റ് 23ന് വൈകിട്ട് 6.04തോടെ ചന്ദ്രോപരിതലത്തിലേക്ക് ലാന്‍ഡര്‍ ഇറങ്ങും. ചന്ദ്രന്റെ ഘടനയെയും ഭൂമിശാസ്ത്രത്തെയും പറ്റിയുള്ള വിവരങ്ങളാണ് റോവര്‍ ശേഖരിക്കുക. ചന്ദ്രനിലെ വിഭവങ്ങളെക്കുറിച്ചും ഭാവിയില്‍ മനുഷ്യന് അവിടെ വസിക്കാനാകുമോ എന്നതിനെപ്പറ്റിയും ചാന്ദ്രയാന്‍ 3 പഠനങ്ങള്‍ നടത്തും.

Related Posts

Leave a Reply