India News

ചന്ദ്രബാബു നായിഡു റിമാന്‍ഡില്‍; ആന്ധ്രാപ്രദേശില്‍ നിരോധനാജ്ഞ

അഴിമതി കേസില്‍ ആന്ധ്രപ്രദേശില്‍ മുന്‍മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല. വിജയവാഡ എസിബി കോടതിയാണ് ജാമ്യം നിഷേധിച്ചത്. ചന്ദ്രബാബു നായിഡുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

സിഐഡിയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് ചന്ദ്രബാബു നായിഡുവിന്റെ ജാമ്യം കോടതി നിഷേധിച്ചത്. ചന്ദ്രബാബു നായിഡുവിനെ രാജമുന്ധ്രി ജയിലിലേക്ക് മാറ്റും. അതേസമയം ആന്ധ്രാപ്രദേശില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചന്ദ്രബാബു നായിഡു റിമാന്‍ഡിലായ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് കൂട്ടം കൂടാനോ ആയുധം കൈവശം വയ്ക്കാനോ പാടില്ലെന്ന് നിര്‍ദേശം നല്‍കി. പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. നെപുണ്യ വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ചന്ദ്രബാബു നായിഡു അറസ്റ്റിലായത്. 10 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

ഭരണകാലത്ത് ആന്ധ്രപ്രദേശ് സ്റ്റേറ്റ് സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ 317 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ടിഡിപി അധ്യക്ഷനെതിരെയുള്ള ആരോപണം. യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നതിനായി രൂപീകരിച്ചതാണ് ഈ ബോര്‍ഡ്. തുക വ്യാജ കമ്പനികള്‍ക്കാണ് കൈമാറിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനും ഗുണഭോക്താവും ചന്ദ്രബാബു നായിഡുവാണെന്ന് സിഐഡി മേധാവി പറഞ്ഞു.

Related Posts

Leave a Reply