വാഷിങ്ടൺ: ചന്ദ്രനിൽ ഇനി പേടകങ്ങളും ഉപഗ്രഹങ്ങളും മാത്രമല്ല, ട്രെയിനുകളുമോടും. ബഹിരാകാശ രംഗത്തെ പരീക്ഷങ്ങൾക്ക് നേതൃത്വം നൽകുന്ന നാസ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഫ്‌ളെക്‌സിബിൾ ലെവിറ്റേഷൻ ഓൺ എ ട്രാക്ക് (ഫ്‌ളോട്ട്)എന്ന പേരിലാണ് നാസ പദ്ധതിക്കു തുടക്കമിട്ടിരിക്കുന്നത്. ചന്ദ്രനിലേക്കു വിക്ഷേപിക്കുന്ന പേടകങ്ങളിലുള്ള പേലോഡിന് സുഗമമായി ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാനുള്ള സൗകര്യമൊരുക്കുകയാണ് നാസ ലക്ഷ്യമിടുന്നത്. റോബോട്ട് നിയന്ത്രിത ട്രെയിനായിരിക്കുമിത്.
ബഹിരാകാശത്തെ പുത്തൻ പര്യവേക്ഷണങ്ങളുടെ ഭാഗമായി സയൻസ് ഫിക്ഷൻ സ്വഭാവത്തിലുള്ള പദ്ധതികൾ വികസിപ്പിക്കാനായി ആരംഭിച്ച നാസാസ് ഇനൊവേറ്റിവ് അഡ്വാൻസ്ഡ് കൺസെപ്റ്റ്‌സ് പ്രോഗ്രാം (നിയാക്) ആണ് ചന്ദ്രനിലെ റെയിൽവേ പദ്ധതിയെ കുറിച്ചുള്ള ഗവേഷണങ്ങൾക്കു മേൽനോട്ടം വഹിക്കുക. 2030ഓടെ ചന്ദ്രോപരിതലത്തിലൂടെ ചരക്കുഗതാഗതം സാധ്യമാക്കുകയാണ് നാസ ലക്ഷ്യമിടുന്നത്. ചന്ദ്രനിൽ പേലോഡ് ഗതാഗതത്തിനായി ആശ്രയിക്കാൻ കൊള്ളാവുന്ന സ്വയം നിയന്ത്രിതവും കാര്യക്ഷമവുമായ ആദ്യത്തെ റെയിൽവേ സംവിധാനമൊരുക്കുകയാണ് നാസ ലക്ഷ്യമിടുന്നതെന്നാണ് പ്രോജക്ട് തലവൻ എഥാൻ സ്‌കാലർ വെളിപ്പെടുത്തിയത്.
അടുത്ത ഘട്ടത്തിൽ ചന്ദ്രനിലൂടെ മനുഷ്യരെ വഹിച്ചുകൊണ്ടുപോകാവുന്ന തരത്തിൽ ഫ്‌ളോട്ട് ട്രെയിനുകൾ വികസിപ്പിക്കുമെന്നും എഥാൻ പറയുന്നു. മനുഷ്യന്റെ ചാന്ദ്രപര്യവേക്ഷണവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന വെല്ലുവിളികൾക്കെല്ലാം ഇതുവഴി വലിയ അളവിൽ പരിഹാരം കാണാനാകുമെന്ന് നാസ പ്രതീക്ഷിക്കുന്നുണ്ട്.