ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മാറ്റവും രാഹുലിന് വന്നിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. പറയുമ്പോൾ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തു. മോദിയുടെ വിദ്വേഷ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിഷ്പക്ഷത വ്യക്തമാക്കുന്ന സമീപനം ഇതുവരെ ഉണ്ടായിട്ടില്ല. ഉടനെ ഇടപെടേണ്ട കേസാണ്. പക്ഷേ ഇടപെടുന്നില്ല. ന്യൂനപക്ഷങ്ങളുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കിൽ അത് അബദ്ധ പ്രസ്താവനയാണ്. കുഞ്ഞാലികുട്ടി അങ്ങനെ പറയും എന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പച്ചക്കാണ് പ്രധാനമന്ത്രി വർഗീയത പറഞ്ഞത്. ഇതുവരെ കമാ എന്ന് കമ്മീഷൻ മിണ്ടിയിട്ടില്ല. ബിജെപിയുടെ സൂറത് വിജയം സംഭവിക്കാൻ പാടില്ലാത്തതാണ്. പത്രികയിൽ ഒപ്പിടുന്ന ആളുകൾ പോലും വിശ്വസ്തർ അല്ലാതായി. ഏത് രീതിയിലുള്ള കളികളാണ് നടന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറിയെന്നും രാഹുൽ ഗാഡിയുടെ ഡിഎൻഎ പരിശോധിക്കണമെന്നുമാണ് അൻവർ പാലക്കാട് ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞത്.