Kerala News

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം, വീട് ഭാഗികമായി തകര്‍ന്നു, അടുക്കള കത്തിനശിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. വീടിന്‍റെ മേല്‍ക്കൂര ഉള്‍പ്പെടെ തെറിച്ചുപോയി. വയനാട് കല്‍പ്പറ്റ വെണ്ണിയോട് കല്ലട്ടിയില്‍ ഇന്ന് രാവിലെയാണ് സംഭവം. കല്ലട്ടിയിലെ കേളുക്കുട്ടിയുടെ വീട്ടിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.  കഴിഞ്ഞ ദിവസം ഇറക്കിയ പുതിയ സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെ ഗ്യാസ് ചോരുകയായിരുന്നു.

സമീപത്തെ വിറക് അടുപ്പില്‍ ഈ സമയം തീ ഉണ്ടായിരുന്നു. ഇതോടെയാണ് ഗ്യാസ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സിലിണ്ടര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് പുറത്തേക്ക് തെറിച്ചുപോവുകയായിരുന്നു.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തെതുടര്‍ന്ന് കല്‍പ്പറ്റ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്‍റെ അടുക്കള ഭാഗം പൂര്‍ണമായും തകര്‍ന്നു. വീടിന്‍റെ ജനല്‍ ചില്ലുകളും പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീടിന്‍റെ മേല്‍ക്കൂരയും തകര്‍ന്നിട്ടുണ്ട്. പൊട്ടിത്തെറിയുണ്ടായെങ്കിലും തലനാരിഴക്കാണ് വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുകയായിരുന്നു.

Related Posts

Leave a Reply