ഗ്രോത സംസ്‌കൃതിയുടെ നേര്‍ക്കാഴ്ചയുമായി കേരളീയം ഒരുക്കുന്ന ലിവിങ് മ്യൂസിയത്തിന് കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗോത്രദീപം തെളിച്ചു തുടക്കം കുറിച്ചു.സംസ്ഥാനത്ത് ആദ്യമായാണ് ഗോത്രസംസ്‌കൃതിയുടെ അനുഭവം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ലിവിങ് മ്യൂസിയം ഒരുക്കുന്നത്.കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക സ്ഥാപനമായ കേരള ഫോക്ലോര്‍ അക്കാദമിയുടെ നേതൃത്വത്തിലാണ് കനകക്കുന്നില്‍ ലിവിങ് മ്യൂസിയം സജ്ജീകരിച്ചത്.ആദിവാസികളോടു കുശലം പറഞ്ഞും അവരുടെ തനതു കലകള്‍ ആസ്വദിച്ചുമാണ് കേരളീയത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ലിവിങ് മ്യൂസിയത്തിനു മുഖ്യമന്ത്രി തുടക്കം കുറിച്ചത്.
കേരളത്തിലെ കാണി,മന്നാന്‍,ഊരാളികള്‍,മാവിലര്‍, പളിയര്‍ തുടങ്ങി അഞ്ചു ഗോത്രവിഭാഗങ്ങളുടെ തനതു ജീവിതശൈലിയും ആവാസ വ്യവസ്ഥയുമാണ് കേരളീയത്തിന്റെ ഭാഗമായി നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ ഒരുക്കിയിട്ടുള്ളത്.കേരളത്തിലെ തന്നെ ആദ്യ ലിവിങ് മ്യൂസിയമാണ് കനകക്കുന്ന് കൊട്ടാരത്തിനു ചുറ്റും കൃത്രിമ കാട് സൃഷ്ടിച്ച് അഞ്ചുകുടിലുകളിലായി ഒരുക്കിയിട്ടുള്ളത്.അഞ്ചു കുടിലുകളിലായി എണ്‍പതോളം പേര്‍ ഉണ്ട്.
ഗോത്രവിഭാഗങ്ങളുടെ തനതായ കലാരൂപങ്ങളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെയാണ് മുഖ്യമന്ത്രിയെ കനകക്കൂന്നിലെ ‘ഊരി’ലേക്കു സ്വീകരിച്ചത്.മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, ആന്റണി രാജു,വി.ശിവന്‍കുട്ടി,ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ്.ഉണ്ണികൃഷ്ണന്‍,കേരളീയം കണ്‍വീനര്‍ എസ്.ഹരികിഷോര്‍,സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ.മായ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
ലിവിങ് മ്യൂസിയം സന്ദര്‍ശിക്കാന്‍ കേരളീയത്തിലെത്തുന്ന എല്ലാവര്‍ക്കും അവസരവുമുണ്ട്. ഇന്ന്(നവംബര്‍ 1) വൈകിട്ട് അഞ്ചുമണിമുതല്‍ സന്ദര്‍ശകര്‍ക്കു ലിവിങ് മ്യൂസിയത്തില്‍ പ്രവേശിക്കാം. നവംബര്‍ രണ്ടുമുതല്‍ ഏഴു വരെ രാവിലെ 10 മണി മുതല്‍ വൈകിട്ട് 10 മണിവരെയും സന്ദര്‍ശകര്‍ക്ക് ലിവിങ് മ്യൂസിയത്തിലെ കാഴ്ചകള്‍ അനുഭവിച്ചറിയാം.
ഗോത്ര സംസ്‌കൃതിയുടെ തനിമയാര്‍ന്ന ജീവിതം ആവിഷ്‌കരിക്കുക എന്നതാണ് ആദിമത്തിലൂടെ ലക്ഷ്യമിടുന്നത്. കാണി,മന്നാന്‍,പളിയര്‍,മാവിലര്‍, ഊരാളികള്‍ എന്നീ വിഭാഗത്തിന്റെ പരമ്പരാഗത കുടിലുകള്‍ അവരുടെ കലാരൂപങ്ങള്‍ അവരുടെ ജീവിത പശ്ചാതലത്തില്‍ അവതരിപ്പിക്കും.ചാറ്റ് പാട്ട്,പളിയ നൃത്തം,കുംഭ നൃത്തം,എരുതു കളി,മംഗലം കളി,മന്നാന്‍ കൂത്ത്,വട്ടക്കളി എന്നീ ഗോത്ര കലകള്‍ അവയുടെ യഥാര്‍ത്ഥ പശ്ചാത്തലത്തില്‍ പരമ്പരാഗത ആചാര അനുഷ്ടാനങ്ങളോട് കൂടി അവതരിപ്പിക്കും.കേരളീയ അനുഷ്ടാന കലകളായ തെയ്യം,മുടിയേറ്റ്,പടയണി, സര്‍പ്പം പാട്ട്,പൂതനും തിറയും തുടങ്ങി ഏഴ് അനുഷ്ടാന കലകള്‍ അവയുടെ യഥാര്‍ത്ഥ പശ്ചാത്തലത്തില്‍ അവതരിപ്പിക്കും.