Kerala News

ഗുരുവായൂർ റെയില്‍വെ സ്‌റ്റേഷനിലും വീടുകളിലും നിരവധി മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ അറസ്റ്റുചെയ്തു

തൃശ്ശൂർ: ഗുരുവായൂർ റെയില്‍വെ സ്‌റ്റേഷനിലും വീടുകളിലും നിരവധി മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ ഗുരുവായൂര്‍ ടെംപിള്‍ പൊലീസ് അറസ്റ്റുചെയ്തു. മലപ്പുറം താനൂര്‍ സ്വദേശി പ്രദീപാണ് പിടിയിലായത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഗുരുവായൂരിലെ പൊലീസിന്റെയും നാട്ടുകാരുടെയും ഉറക്കംകെടുത്തിയ കള്ളനാണ് ഒടുവിൽ പൊലീസിന്‍റെ പിടിയിലായത്. കോഴിക്കോട് രാമനാട്ടുകരയിലെ ഒളിസങ്കേതത്തില്‍നിന്നാണ് പ്രദീപിനെ പിടികൂടിയത്. പുലര്‍കാല സമയങ്ങളില്‍ മോഷണം നടത്തുന്നതായിരുന്നു പ്രതിയുടെ രീതി.

ഇക്കഴിഞ്ഞ സെപ്തംബർ 13ന്, ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊല്ലം ഓച്ചിറ സ്വദേശിനി 63വയസ്സുള്ള രത്‌നമ്മയുടെ രണ്ടര പവന്‍ വരുന്ന മാല, റെയില്‍വെ സ്റ്റേഷനില്‍ വെച്ച് പൊട്ടിച്ചെടുത്താണ് പ്രതി ഗുരുവായൂരിലെ മോഷണ പരമ്പരയ്ക്ക് തുടക്കമിട്ടത്. ഈ മാല മോഷണത്തിന് ശേഷം അപ്പോൾ തന്നെ, റെയില്‍വേ സ്‌റ്റേഷന് കിഴക്ക് വശമുള്ള വീട്ടിന്റെ അടുക്കള ഭാഗത്തുകൂടി കയറി തിരുവെങ്കിടം ഉഷയുടെ രണ്ടുപവനോളം വരുന്ന മാലയും പൊട്ടിച്ചോടി. പിന്നീട് സെപ്തംബർ 30ന് തിരുവെങ്കിടത്തെ സച്ചിദാനന്ദന്റെ വീടിന്റെ ഓടിളക്കി അകത്തുകയറിയ പ്രതിയ്ക്ക് പക്ഷെ ഒന്നും മോഷണം നടത്താനായില്ല.

തുടര്‍ന്ന് പുലര്‍ച്ചെ 5 മണിയോടെ റെയില്‍വെ സ്‌റ്റേഷനില്‍ തിരിച്ചെത്തിയ പ്രതി, ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടക്ക യാത്രയ്‌ക്കെത്തിയ കൊല്ലം സ്വദേശിനി 62 വയസ്സുള്ള സീതാലക്ഷ്മിയുടെ ഒന്നേമുക്കാല്‍ പവന്‍ തൂക്കമുള്ള ലോക്കറ്റുള്‍പ്പടേയുള്ള മലയും പൊട്ടിച്ച് കടന്നുകളഞ്ഞു. പിന്നീട് നവംബർ 2 ന് ഗുരുവായൂരിലെത്തിയ പ്രതി, റെയില്‍വെ സ്റ്റേഷന്റെ പരിസരത്തുള്ള സന്തോഷ്‌കുമാറിന്റെ വീട്ടിലെ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞു. അവസാനമായി ഇക്കഴിഞ്ഞ നവംബർ 20ന് പുലര്‍ച്ചെ ആറുമണിയോടെ ടെമ്പിള്‍ പൊലീസ് സ്‌റ്റേഷന്റെ തെക്കുഭാഗത്ത് കാരക്കാടുള്ള സജി സിദ്ധുവിന്റെ അഞ്ചര പവന്റെ മാല കഴുത്തില്‍നിന്നും ഊരിയെടുത്തോടി.

സജി സിദ്ധു വീടിന്റെ പിന്‍ഭാഗത്തുനിന്ന് അരി കഴുകുമ്പോഴാണ് അപ്രതീക്ഷിതാമായെത്തി പ്രതി മാല കവര്‍ന്നത്. പ്രതി മോഷ്ടിച്ചെടുത്ത സ്വര്‍ണ്ണാഭരണങ്ങള്‍ കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിലാണ് വില്‍പ്പന നടത്തിയിട്ടുള്ളതെന്ന് പൊലീസിനോട് സമ്മതിച്ചു. മോഷണ മുതല്‍ വില്‍പ്പന നടത്താന്‍ പ്രതിയെ സഹായിച്ച് ഒളിവില്‍പോയ ആളെകുറിച്ചും പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

പ്രദീപ് തിരുവെങ്കിടത്തുനിന്നും മോഷ്ടിച്ചെടുത്ത മോട്ടര്‍ ബൈക്ക് പൊന്നാനി വെളിയങ്കോട് നിന്നും പൊലീസ് കണ്ടെടുത്തു. പ്രദീപിനെതിരെ മലപ്പുറം, കോഴിക്കോട്, കസബ, പരപ്പനങ്ങാടി ഫറോക്ക്, നല്ലളം തുടങ്ങി കേരളത്തിലെ വിവിധ സ്‌റ്റേഷനുകളിലായി 20 ഓളം കേസുകളുണ്ടെന്ന് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സി.ഐ ജി. അജയകുമാര്‍ പറഞ്ഞു. ചാവക്കാട് ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related Posts

Leave a Reply