ഗുരുവായൂരപ്പന് ചാർത്താൻ പൊന്നിൻ കിരീടം സമ്മാനിച്ച് ദമ്പതിമാർ. കോയമ്പത്തൂർ സ്വദേശികളായ ഗിരിജയും ഭർത്താവ് രാമചന്ദ്രനുമാണ് ഗുരുവായൂരപ്പന് തങ്കത്തിലുള്ള കിരീടം സമർപ്പിച്ചത്. വിഷു ദിനത്തിൽ ഗുരുവായൂരപ്പന് ചാർത്താനായി 20 പവനിലേറെ തൂക്കം വരുന്ന കിരീടമാണ് കാണിക്ക നൽകിയത്.ഇന്നലെ വൈകിട്ടത്തെ ദീപാരാധനയ്‌ക്ക് ശേഷമായിരുന്നു ദമ്പതിമാർ കിരീടം സമർപ്പിച്ചത്. 160.350 ഗ്രാം തൂക്കമുള്ള കിരീടത്തിന് ഏകദേശം 13,08,897 രൂപ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വികെ വിജയൻ, ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പിസി ദിനേശൻ നമ്പൂതിരിപ്പാട് കിരീടം രൂപകല്പന ചെയ്ത രാജേഷ് ആചാര്യ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.