ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിലെ തൊണ്ടിമുതൽ വിട്ടു നൽകാൻ ഡിവൈഎസ്പിയുടെ വഴിവിട്ട ഇടപെടൽ. ഓംപ്രകാശിന്റെയും ശിഹാസിന്റെയും ഫോണുകൾ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസ്പി, അന്വേഷണ സംഘത്തെ സമീപിച്ചു. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടും ഇക്കാര്യത്തിൽ തുടർനടപടിയില്ല. ഗുണ്ടകളും സാമൂഹിക വിരുദ്ധരുമായി നിരന്തരം ബന്ധത്തിന് പലതവണ നടപടികൾക്ക് വിധേയനായ ഉദ്യോഗസ്ഥനാണിത്.
അതേസമയം ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ അന്വേഷണം കൊക്കെയിൻ കൊച്ചിയിൽ എത്തിച്ച സംഘത്തിലേക്ക് വ്യാപിപ്പിച്ചു. ശാസ്ത്രീയ പരിശോധനയിൽ കൊക്കെയ്ൻ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലഹരിമാഫിയയിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. അറസ്റ്റിലായ ബിനുവാണ് ലഹരിപ്പാർട്ടിക്ക് കൊക്കെയ്‌നെത്തിച്ചതെന്നാണ് കരുതുന്നത്.
ശാസ്ത്രീയ പരിശോധനയിൽ കൊക്കെയ്ൻ സാന്നിദ്ധ്യം സ്ഥിരീകരിച്ചതിനാൽ മയക്കുമരുന്ന് എത്തിച്ചവരിലേക്കാണ് അന്വേഷണം നീളുന്നത്. തെളിവുകൾ ലഭിക്കുന്നതിന് അനുസരിച്ചാകും ഓം പ്രകാശിനെയും ചലചിത്രതാരങ്ങളെയും ചോദ്യംചെയ്യുകയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു. ലഹരിപ്പാർട്ടി നടന്ന മുറിയിലേക്ക് താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും എത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.കേസിൽ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനെയും പൊലീസ് വിശദമായി ചോദ്യംചെയ്തിരുന്നു. ലഹരിപ്പാർട്ടിയിയിൽ പങ്കെടുത്തിട്ടില്ലെന്നും ഓംപ്രകാശുമായി ബന്ധമില്ലെന്നുമാണ് രണ്ട് താരങ്ങളും മൊഴിനൽകിയത്. ഇവർക്ക് ലഹരിക്കേസിൽ ബന്ധമില്ലെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു.










