പത്തനംതിട്ട: ഗുണ്ടാപിരിവ് നൽകാത്തതിന് 61കാരനെ തല്ലിച്ചതച്ച ഗുണ്ടാനേതാവ് പത്തനംതിട്ടയിൽ പിടിയിൽ. വീയപുരം സ്വദേശി ഷിബു ഇബ്രാഹിമിനെയാണ് (45) പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരണം സ്വദേശിയും 61കാരനുമായ കിഴക്കേപ്പറമ്പിൽ സുരോജിനെയാണ് ഷിബു ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ശനിയാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം. 25,000 രൂപ ആവശ്യപ്പെട്ട് ഷിബു, സുരോജിന്‍റെ വീട്ടിലെത്തി.
പണം നൽകാൻ സുരാജ് തയ്യാറായില്ല. ഇതിൽ പ്രകോപിതനായ ഷിബു, സുരോജിനെ ക്രൂരമായി മർദിക്കുകയായിരുന്നു. നിലത്ത് വീണ സുരോജിന്റെ തലയിൽ കരിങ്കല്ല് ഉപയോഗിച്ച് അടിച്ചു. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ 61കാരൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ റിമാൻഡ് ചെയ്തു.
കൊലപാതക കേസ് അടക്കം 18 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷിബു. ഹെൽത്ത് ഇൻസ്പെക്ടറെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി വിചാരണ നേരിടുകയാണ്.