Kerala News

ഗാർഹികപീഡന പരാതിയിൽ പിടികൂടിയ ആളെ എസ്ഐ ഇടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

അമ്പലമേട്: ശാരീരികമായി ഉപദ്രവിച്ചെന്ന ഭാര്യയുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ സ്റ്റേഷനിലിട്ട് പൊലീസ് മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തായി. കഴിഞ്ഞ ജനുവരിയില്‍ കൊച്ചി അമ്പലമേട് പൊലീസ് സ്റ്റേഷനില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മര്‍ദ്ദനത്തില്‍ മൗനം പാലിച്ച പൊലീസ് സ്റ്റേഷനകത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ എങ്ങനെ ചോര്‍ന്നു എന്ന അന്വേഷണത്തിലാണുള്ളത്. 

അമ്പലമേട് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഒരു വര്‍ഷം മുന്‍പ് നടന്ന മര്‍ദ്ദനമെന്ന പേരില്‍ പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ എസ് ഐ റെജി യുവാവിനെ മർദ്ദിക്കുന്നത് വ്യക്തമാണ്. എസ് ഐ റെജി കുനിച്ചുനിര്‍ത്തി ഇടിക്കുന്നത് കാക്കനാട് സ്വദേശി ബിബിൻ തോമസിനെയാണ്. ഭാര്യയുടെ പരാതിയിലാണ് ബിബിനെ വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷന് പുറത്തും അകത്തും വച്ച് ഒന്നിലേറെ തവണ മര്‍ദ്ദിച്ചെന്നാണ് പരാതി. തുടര്‍ന്ന് വധശ്രമമടക്കം ചുമത്തിയാണ് ബിബിനെ ജയിലിലിട്ടത്.

ലഹരിക്ക് അടിമപ്പെട്ട് ഭാര്യയെ കൈമടക്കി ഇടിച്ചു, നിലത്തുവീണ ഭാര്യയുടെ നടുവിന് ചവിട്ടി. ചെടിച്ചട്ടിയും ചുറ്റികയുമുപയോഗിച്ച് തലക്കടിച്ച് കൊല്ലാന്‍ശ്രമിച്ചു തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് ബിബിനെതിരായ എഫ്ഐആറിലുള്ളത്. ഇതെല്ലാം എല്ലാം ബിബിന്‍ നിഷേധിക്കുന്നു. സംഭവത്തേക്കുറിച്ച്  മര്‍ദനത്തില്‍ മൗനം പാലിച്ച പൊലീസിന്‍റെ അന്വേഷണം സ്റ്റേഷനകത്തെ സിസിടിവി ദൃശ്യങ്ങള്‍ എങ്ങനെ ചോര്‍ന്നു എന്നതിലാണ്. 

ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന്റെ കണ്‍ഫ്യൂഷനിലാണ് പൊലീസുള്ളത്. എസ് ഐയോട് വിരോധമുള്ള പൊലീസുകാര്‍ തന്നെ സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ത്തി പ്രചരിപ്പിച്ചെന്ന സംശയത്തിലാണ് മേലുദ്യോഗസ്ഥരുള്ളത്. ഭാര്യ പരാതി പിന്‍വലിച്ചെങ്കിലും തന്നെ മര്‍ദ്ദിച്ച പൊലീസുദ്യോഗസ്ഥനെതിരെ നിയമ പോരാട്ടത്തിലാണ് ബിബിന്‍.

Related Posts

Leave a Reply