ന്യൂഡൽഹി: ഗാർഹികപീഡനത്തിൽ നിന്നും മർദ്ദനത്തിൽ നിന്നും മറ്റും ഭാര്യമാർക്ക് സംരക്ഷണം നൽകുന്ന ഗാർഹികപീഡന നിയമങ്ങൾ ദുരുപയോഗം ചെയ്യാനുള്ളതല്ലെന്ന് സുപ്രീംകോടതി. ഭർത്താവിനെ ഭീഷണിപ്പെടുത്തിയും സമ്മർദ്ദം ചെലുത്തിയും ആനുകൂല്യങ്ങൾ നേടാനും മറ്റും ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതായും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
ഭോപ്പാലിൽ നിന്നുള്ള ദമ്പതിമാരുടെ വിവാഹമോചന കേസിലായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. കേസ് നൽകുന്ന ഭാര്യയുടെ ആവശ്യങ്ങൾ നടന്നുകിട്ടാൻ ക്രൂരത, ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം തുടങ്ങി വകുപ്പുകൾ ഒരുമിച്ച് ചുമത്തി, ഭർത്താവിനെ സമ്മർദ്ദത്തിലാക്കുന്നതായാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ഇത്തരം നിയമങ്ങൾ പ്രഖ്യാപിക്കുന്നതെങ്കിൽ ചില സ്ത്രീകൾ അവ ദുരുപയോഗം ചെയ്യുകയാണ്. ഭർത്താക്കന്മാർക്കെതിരെ നിരവധി വകുപ്പുകൾ നൽകുന്നത് ഒരു പ്രവണതയായി തുടരുന്നുന്നു. ഇതോടെ ജാമ്യം നൽകാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ചെറിയ വഴക്കുകളാണ് പിന്നീട് വലിയരീതിയിലുളള, മോശമായ പോരാട്ടമായി മാറുന്നതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.