ഗാസ സിറ്റി: ഇസ്രയേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെടുന്ന മക്കളെ തിരിച്ചറിയാൻ മക്കളുടെ ശരീരത്തിൽ പേരെഴുതി ഗാസയിൽ മാതാപിതാക്കൾ. ബോംബാക്രമണങ്ങളിൽ കുടുംബത്തോടെ കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിച്ചതോടെയാണ് ഇത്തരത്തിൽ പേരെഴുതിവെക്കുന്ന രീതി ഉണ്ടായത്.
ഈ കുഞ്ഞുങ്ങൾക്ക് ഒരു പേരുണ്ടായിരുന്നുവെന്നു അറിയാനെങ്കിലും ഇതു സഹായിക്കുമല്ലോ എന്നാണു ഗാസാ നിവാസികൾ പറയുന്നത്. കരയുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങൾ ഗാസ ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. വികൃതമായിപ്പോയതിനാൽ 200 മൃതശരീരങ്ങൾ തിരിച്ചറിയാനായില്ലെന്ന് ആരോഗ്യമന്ത്രാലയം രേഖയിൽ വ്യക്തമാക്കുകയും ചെയ്തു.
അതേസമയം ഗാസയിൽ ത്രിതല മാർഗം ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേൽ. യുദ്ധം രണ്ടാം ഘടത്തിലേക്ക് കടന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. യുദ്ധത്തിന് മൂന്ന് ഘട്ടങ്ങളുണ്ടെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പാര്‍ലമെന്റ് കമ്മിറ്റിയിലും പറഞ്ഞിരുന്നു. ലെബനാൻ അതിർത്തിയിലും സംഘർഷം തുടരുകയാണ്. വടക്കന്‍ ഗാസയിലെ ഹമാസിന്റെ 150 ഭൂഗര്‍ഭ സ്ഥാപനങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ശനിയാഴ്ച്ച രാത്രി ഗാസയില്‍ പലയിടങ്ങളിലായി സ്‌ഫോടനം ഉണ്ടായി. ഇന്റര്‍നെറ്റ്, ഫോണ്‍ ബന്ധം നിലച്ചിരിക്കുന്ന ഗാസയില്‍ കടന്ന സേന പിന്‍വാങ്ങിയിട്ടില്ലെന്നും ഇസ്രയേല്‍ വ്യക്തമാക്കി.