International News

ഗാസയിൽ ഭക്ഷണവും വെള്ളവും തീരുന്നു; വൈദ്യസഹായം പോലും കിട്ടാതെ 50000ത്തോളം ഗർഭിണികൾ

ടെൽഅവീവ്: ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് ഗാസയില്‍ 4.23 ലക്ഷത്തിലേറെ ആളുകള്‍ കിടപ്പാടം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായതായി ഐക്യരാഷ്ട്ര സഭ. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള UNOCHA ആണ് ഈ കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രയേലിന്റെ ഉപരോധം മൂലം ഭക്ഷണവും വെള്ളവും തീര്‍ന്നു കൊണ്ടിരിക്കുന്ന ഗാസയിലെ സാഹചര്യം ഭയാനകമെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക ഫുഡ് പ്രോഗ്രാമും വ്യക്തമാക്കിയിട്ടുണ്ട്.

ഗാസയിലെ അരലക്ഷത്തോളം വരുന്ന ഗര്‍ഭിണികള്‍ക്ക് അത്യാവശ്യ വൈദ്യസേവനമോ ശുദ്ധജലമോ ലഭിക്കാത്ത സാഹചര്യമുണ്ടെന്നും യുഎന്‍ വ്യക്തമാക്കി. ഇതിനിടെ ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 1500ഓളം ആളുകള്‍ കൊല്ലപ്പെട്ടു. ഗാസയിലെ ഏക വൈദ്യുതോത്പാദന കേന്ദ്രം ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഗാസയിലെ ജനങ്ങള്‍ ജനറേറ്ററുകളെ ആശ്രയിക്കുന്ന സാഹചര്യമാണുള്ളത്.

ഇസ്രയേല്‍ ഗാസയില്‍ വംശഹത്യ നടത്തുവെന്ന ആരോപണവുമായി ഹമാസ് രംഗത്ത് വന്നിട്ടുണ്ട്. ഗാസയിലെ ജനങ്ങള്‍ക്ക് ആക്രമണങ്ങളില്‍ നിന്ന് അഭയം തേടാന്‍ സുരക്ഷിതമായ ഒരു സ്ഥലം പോലും ഗാസയിലില്ലെന്നും ഹമാസ് വ്യക്താവ് ഗാസി ഹമീദ് കുറ്റപ്പെടുത്തി.

എന്നാല്‍ ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുന്നതുവരെ ഉപരോധം അവസാനിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഇസ്രായേല്‍. ഹമാസിനെ ഇല്ലാതാക്കുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രയേലിലെ പുതിയ ഐക്യസര്‍ക്കാര്‍. ഇതിനിടെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായതായി ഇസ്രയേലിന്റെ പ്രതിരോധ മേധാവി സമ്മതിച്ചു. സുരക്ഷ ഉയര്‍ത്തുന്നതിലും ഇസ്രയേലി പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും വീഴ്ച സംഭവിച്ചുവെന്നാണ് പ്രതിരോധ മേധാവി വ്യക്തമാക്കിയിരിക്കുന്നത്. ‘എല്ലാ പ്രദേശങ്ങളും എല്ലാ കെട്ടിടങ്ങളും ആക്രമണത്തിന് വിധേയമാണ്. സ്ത്രീകളും കുട്ടികളും പ്രായമായവരും വികലാംഗരും ഉള്‍പ്പെടെ എല്ലാവരേയും ഇസ്രയേല്‍ കൊല ചെയ്യുന്നു’വെന്നായിരുന്നു ഹമാസ് ആരോപിക്കുന്നത്.

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്നത് നിയമവിരുദ്ധവും അധാര്‍മ്മികവുമായ ഉപരോധമാണെന്നും ഇതിനെ അപലപിക്കുന്നുവെന്നും ഹമാസ് വക്താവ് വ്യക്തമാക്കി. ഗാസ മുനമ്പില്‍ രണ്ട് ദശലക്ഷത്തിലധികം പൗരന്മാര്‍ക്കെതിരെ വംശഹത്യ നടത്താന്‍ ഇസ്രായേലി നേതാക്കള്‍ അവരുടെ സൈന്യത്തിന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ആധുനിക ചരിത്രത്തില്‍ അഭൂതപൂര്‍വമായ കുറ്റകൃത്യങ്ങളാണ് ഗാസ നേരിടുന്നതെന്നും ഹമാസ് വക്താവ് പറഞ്ഞു.

Related Posts

Leave a Reply