ടെൽ അവീവ്: യുദ്ധം അവസാനിപ്പിക്കണമെന്ന് യു എൻ പൊതുസഭയിൽ ആവശ്യപ്പെട്ട് പലസ്തീൻ. ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് പലസ്തീൻ പ്രതിനിധി റിയാദ് മൻസൂർ അഭ്യർത്ഥിച്ചു. അതേസമയം ഇൻ്റലിജൻസ് ഉപമേധാവിയെ വധിച്ചെന്ന് ഇസ്രയേൽ അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഹമാസ് ലെബനൻ സായുധ സംഘമായ ഹിസ്ബൊളളയുടെ സഹായം തേടി. ഇസ്രയലിനെതിരെ ഒരുമിച്ച് നിൽക്കണമെന്ന് ഹമാസ് അഭ്യർത്ഥിച്ചു. അതുപോലെ ഹമാസ് പ്രതിനിധികൾ മോസ്കോയിൽ റഷ്യൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി. ബന്ദികളാക്കിയ വിദേശ പൗരന്മാരുടെ മോചനത്തെക്കുറിച്ചാണ് ചർച്ച നടന്നത്. സമാധാനം പുനസ്ഥാപിക്കാനുള്ള റഷ്യൻ ശ്രമങ്ങളെ ഹമാസ് പ്രശംസിച്ചു. എന്നാൽ നിലവിലെ പ്രതിസന്ധിക്ക് കാരണം യുഎസിൻ്റെ നയതന്ത്ര പരാജയമാണെന്ന് റഷ്യ കുറ്റപ്പെടുത്തി.