ഗവർണർക്കെതിരെ കേരള സർവകലാശാല ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ. കേരള സർവകലാശാലയെ സമൂഹത്തിന് മുന്നിൽ അപമാനിക്കാനുള്ള നീക്കത്തിൽ നിന്ന് ചാൻസലർ പിന്മാറണം. നിയമപ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സെനറ്റിൽ പങ്കെടുക്കാനും ചാൻസിലറുടെ അഭാവത്തിൽ അദ്ധ്യക്ഷം വഹിക്കാനും അവകാശമുണ്ട്. ചാൻസലർ സർവ്വകലാശാല നിയമങ്ങളെ വെല്ലുവിളിക്കരുതെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ.
കേരള സർവകലാശാലയുടെ ചാൻസിലർ ഉൾപ്പെടെയുള്ള പദവികളും ഭരണസംവിധാനങ്ങളും സർവകലാശാല നിയമപ്രകാരമാണ് നിലവിൽവന്നതെന്നും ചാൻസലർ ഉൾപ്പടെയുള്ളവർക്ക് ഈ നിയമം ബാധകമാണെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ അറിയിച്ചു. ചാൻസിലറും പ്രോ-ചാൻസിലറും സെനറ്റംഗങ്ങളാണ്. ചാൻസിലർ സെനറ്റ് യോഗത്തിൽ പങ്കെടുക്കുമ്പോൾ വൈസ് ചാൻസിലറല്ല, ചാൻസിലറാണ് ചെയർ ചെയ്യേണ്ടതെന്ന് സർവകലാശാല ആക്റ്റ് വ്യക്തമാക്കുന്നു. കേരള സർവകലാശാല ആക്ടിലെ ചാപ്റ്റർ മൂന്നിൽ 8(2) പ്രകാരം ചാൻസലറുടെ അഭാവത്തിൽ ചാൻസലറുടെ എല്ലാ ഉത്തരവാദിത്തങ്ങളും പ്രോ-ചാൻസിലർക്ക് നിർവ്വഹിക്കാം.
പ്രോ- ചാൻസിലർ സെനറ്റിൽ ചെയർ ചെയ്തത് നിയമപ്രകാരമാണ്. ചാൻസലർ സെനറ്റ് യോഗത്തിൽ പങ്കെടുക്കാതിരിക്കുകയും പ്രോ- ചാൻസിലർ പങ്കെടുക്കുകയും ചെയ്യുമ്പോൾ യോഗം ചെയർ ചെയ്യാൻ പ്രോ-ചാൻസിലർക്ക് അവകാശമുണ്ട്. അതിനായി പ്രോ-ചാൻസിലറെ ആരും ചുമതലപ്പെടുത്തേണ്ടതില്ല. ആ അധികാരം ആക്റ്റിൽ വ്യക്തമാണ്. വസ്തുത ഇതായിരിക്കെ ഈ വിഷയത്തിന്മേൽ തെറ്റായ കാര്യങ്ങളാണ് ചാൻസിലർ പൊതുസമക്ഷം പറയുന്നത്. ഇതിലൂടെ സർവ്വകലാശാലയാണ് അപമാനിക്കപ്പെടുന്നതെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ കുറ്റപ്പെടുത്തി.
ചാൻസലർ സർവ്വകലാശാല നിയമങ്ങളെ വെല്ലുവിളിക്കരുത്. ചാൻസലർ ആ പദവിയിൽ നിയോഗിക്കപ്പെടുന്നത് നിയമസഭ പാസാക്കിയ ആക്റ്റ് പ്രകാരമാണ്. ചാൻസിലറും ഗവർണ്ണറും രണ്ടുവ്യത്യസ്ത ബഹുമാന്യപദവികളാണ്. ഒന്ന് ഭരണഘടനാ പദവി, മറ്റൊന്ന് ആക്റ്റ് മുഖാന്തിരമുള്ള പദവി. ഭരണഘടന ഗവർണർക്ക് നൽകുന്ന ഭരണഘടനാപരമായ അവകാശങ്ങളും ചില വിഷയങ്ങളിലെ അധികാരങ്ങളും ചാൻസിലർ എന്ന പദവിയ്ക്ക് ഇല്ല. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ ചാൻസിലർ പദവി ഗവർണർക്ക് അല്ല നൽകിയിരിക്കുന്നത്.
മറ്റുള്ളവരോട് സുപ്രീം കോടതി വിധിയെക്കുറിച്ചും കോടതി വിധി മാനിക്കണമെന്നും ചാൻസലർ ഓർമിപ്പിക്കാറുണ്ട്, എന്നാൽ ഇതേ ചാൻസലറോട് പഞ്ചാബ് ഗവർണറെ സംബന്ധിച്ച വിധി വായിക്കണം എന്ന് സുപ്രീം കോടതി ഓർമ്മപ്പെടുത്തിയത് മറക്കരുത്. പുതിയ സാഹചര്യത്തിൻ്റെ അടിസ്ഥാനത്തിൽ കേരള നിയമസഭ പാസാക്കിയ സർവകലാശാല നിയമ ഭേദഗതി സമയബന്ധിതമായി അംഗീകരിക്കാൻ പോലും ഗവർണർ തയാറായില്ല. ഇപ്പോൾ ആ നിയമ ഭേദഗതി രാഷ്ട്രപതിയുടെ പരിഗണനയിലാണ്. വസ്തുതകൾ ഇതായിരിക്കെ കേരള സർവകലാശാലയെ സമൂഹത്തിന് മുന്നിൽ അപമാനിക്കാനുള്ള നീക്കത്തിൽ നിന്ന് ചാൻസിലർ പിന്മാറണം.
നിയമപ്രകാരം സെനറ്റ് അംഗവും സർവകലാശാലയുടെ പ്രോ-ചാൻസിലറുമായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സെനറ്റിൽ പങ്കെടുക്കാനും ചാൻസിലറുടെ അഭാവത്തിൽ അദ്ധ്യക്ഷം വഹിക്കാനും അവകാശമുണ്ട്. ഇത് സർവകലാശാല നിയമപ്രകാരവുമാണ്. തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളിൽ നിന്ന് ചാൻസലർ പിന്മാറണമെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു.