ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയിലേക്ക് പോകുന്നതിനായി തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചു. മലയാളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് യാത്ര പറഞ്ഞ അദ്ദേഹം കേരളവുമായി ഇനി ആജീവനാന്ത ബന്ധം ആയിരിക്കുമെന്ന് വ്യക്തമാക്കി. ഗവര്‍ണറുടെ കാലാവധി തീര്‍ന്നു. പക്ഷേ ബന്ധം തുടരും. കേരളവുമായി ഇനി ആജീവനാന്ത ബന്ധം ആയിരിക്കും. കേരള ജീവിതത്തിന്റെ എറ്റവും സുന്ദരമായ ഓര്‍മ്മകളും കൊണ്ടാണ് പോകുന്നത്. നിങ്ങളെയെല്ലാം ഞാന്‍ എന്നും ഓര്‍ക്കും. കേരളത്തിലെ എല്ലാവര്‍ക്കും നല്ലതു വരട്ടെ – ഗവര്‍ണര്‍ മലയാളത്തില്‍ പറഞ്ഞു. ഔദ്യോഗിക യാത്ര അയപ്പ് ഇല്ലാത്തത് ദുഃഖാചരണമായതിനാലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. സര്‍വകലാശാല വിഷയത്തില്‍ ഒഴികെ സര്‍ക്കാരുമായി ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാരിനും അദ്ദേഹം ആശംസകള്‍ നേര്‍ന്നു. തന്റെ പ്രവര്‍ത്തന രീതി മറ്റൊരാളുമയി താരതമ്യപ്പെടുത്തേണ്ടതില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ പ്രതിനിധികള്‍ സൗഹൃദ സന്ദര്‍ശനം നടത്താത്തതിനെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഔദ്യോഗികമായി സംസ്ഥാനം വിടുമ്പോഴും സര്‍ക്കാരിന്റെ അനിഷ്ടം തുടരുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറേ കാണാന്‍ എത്തിയില്ല. സൗഹൃദ സന്ദര്‍ശനത്തിനു പോലും മുഖ്യമന്ത്രിയും മന്ത്രിമാരും തയാറായില്ല. ചീഫ് സെക്രട്ടറി,സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ ഉദ്യോഗസ്ഥര്‍ ഗവര്‍ണര്‍ക്ക് ആശംസ നേരാന്‍ എത്തിയിരുന്നു.
ആരിഫ് മുഹമ്മദ് ഖാന്‍ ജനുവരി രണ്ടാം തീയതി ബിഹാര്‍ ഗവര്‍ണറായി ചുമതല ഏല്‍ക്കും. 2024 സെപ്റ്റംബര്‍ 5നാണ് അദ്ദേഹം കേരള രാജ്ഭവനില്‍ 5 കൊല്ലം പൂര്‍ത്തിയാക്കിയത്. വിവാദങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ അഞ്ചു വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം കേരളം വിടുന്നത്. കേരള ഗവര്‍ണറായി പുതുതായി നിയമിക്കപ്പെട്ട രാജേന്ദ്ര അര്‍ലേക്കര്‍ 2025 ജനുവരി രണ്ടിന് ചുമതലയേല്‍ക്കും.