ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കേരളത്തില്‍ നിന്ന് യാത്ര പറയും. രാവിലെ 11 ന് കൊച്ചിയിലേയ്ക്കും അവിടെ നിന്ന് ഡല്‍ഹിയിലേയ്ക്കും തിരിക്കും. പുതിയ കേരള ഗവര്‍ണറായി നിയമിക്കപ്പെട്ട രാജേന്ദ്ര അര്‍ലേക്കര്‍ 2025 ജനുവരി രണ്ടിന് ചുമതലയേല്‍ക്കും. ജനുവരി 1ന് അദ്ദേഹം കേരളത്തിലെത്തും. കേരള സര്‍ക്കാരിന്റെ ഔദ്യോഗികമായി യാത്ര അയപ്പ് ഗവര്‍ണര്‍ക്ക് നല്‍കാന്‍ തയ്യാറായിട്ടില്ല. ഇന്നലെ ചീഫ് സെക്രട്ടറി രാജ്ഭവനില്‍ എത്തി ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. കേരള സര്‍ക്കാരിന്റെ മെമന്റോയും ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ കൈമാറി.
ആരിഫ് മുഹമ്മദ് ഖാന് ഇന്നലെ രാജ്ഭവന്‍ ജീവനക്കാര്‍ നല്‍കാനിരുന്ന യാത്രയയപ്പും റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദേശീയ ദുഃഖാചരണം കണക്കിലെടുത്താണ് യാത്രയയപ്പ് ചടങ്ങ് ഒഴിവാക്കിയത്. നേരത്തെ, മുന്‍ ഗവര്‍ണര്‍ പി.സദാശിവത്തിന് സര്‍ക്കാര്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കിയിരുന്നു. മാസ്‌കറ്റ് ഹോട്ടലില്‍ വെച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സദാശിവത്തിന് യാത്രയയപ്പ് നല്‍കിയത്.വിമാനത്താവളത്തില്‍ സദാശിവത്തെ യാത്രയാക്കാനും മുഖ്യമന്ത്രി പോയിരുന്നു.
ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറായി 5 വര്‍ഷം കഴിഞ്ഞിരുന്നു. 2024 സെപ്റ്റംബര്‍ 5നാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരള രാജ്ഭവനില്‍ 5 കൊല്ലം പൂര്‍ത്തിയാക്കിയത്. സംഭവ ബഹുലമായ 5 വര്‍ഷത്തിന് ശേഷമാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരളം വിടുന്നത്. ഗോവ സ്വദേശിയായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ നേരത്തെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും ഗോവയില്‍ വനംപരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.