Kerala News

കർഷക മരണങ്ങൾക്ക് ഉത്തരവാദി പിണറായി സർക്കാർ; കെ. സുരേന്ദ്രൻ

തുടർച്ചയായി കർഷകർ ആത്മഹത്യ ചെയ്യുകയാണെന്നും കർഷക മരണത്തിന് ഉത്തരവാദി പിണറായി സർക്കാരാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേന്ദ്ര സർക്കാർ നൽകുന്ന കോടിക്കണക്കിന് രൂപയുടെ കേന്ദ്രവിഹിതം കേരളം വിതരണം ചെയ്യുന്നില്ലെന്ന ​ഗുരുതര ആക്ഷേപമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഉന്നയിക്കുന്നത്. നവ കേരള സദസ്സ് കണ്ണൂരിൽ പൂർത്തിയാക്കി രണ്ടു ദിവസം കഴിയുന്നതിനു മുൻപ് ആണ് ഇത്. നവകേരള നുണ സദസ്സ് ആണ് സിഎം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കണ്ണൂർ ജില്ലയിലെ കണിച്ചാറിൽ കടബാധ്യതയെ തുടർന്ന് ക്ഷീര കർഷകൻ ഇന്ന് ജീവനൊടുക്കിയിരുന്നു. കൊളക്കാട് സ്വദേശി ആൽബർട്ടിനെ(68) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേരള സഹകരണ ബാങ്കിൽ രണ്ട് ലക്ഷം രൂപ ബാധ്യത ഉണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറ‍ഞ്ഞു. ഈ മാസം 18ന് ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ആത്മഹത്യ. ദീർഘകാലം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റ്‌ ആയിരുന്നു ആൽബർട്ട്.

ജീവനൊടുക്കിയ കർഷകന് കേരള ബാങ്കിൽ നിന്ന് ലഭിച്ച മേൽനടപടി നോട്ടീസിന്റെ പകർപ്പ് 24ന് ലഭിച്ചു. ജപ്തി നടപടി ഒഴിവാക്കാൻ 28നകം തുക തിരിച്ചടയ്ക്കാനായിരുന്നു നോട്ടീസ്. ബാധ്യത തുക 2,02040 രൂപയായിരുന്നു. ദിവസങ്ങൾക്ക് മുൻപ് കടബാധ്യതയെ തുടർന്ന് ആലപ്പുഴ തകഴി സ്വദേശി പ്രസാദ് ആത്മഹത്യ ചെയ്തിരുന്നു. കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു ആത്മഹത്യ. കിസാൻ സംഘ് ജില്ലാ പ്രസിഡന്റായിരുന്നു പ്രസാദ്. കൃഷി ആവശ്യത്തിന് വായ്പക്ക് വേണ്ടി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ പിആർഎസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതോടെ മനംനൊന്ത പ്രസാദ് ആത്മഹത്യ ചെയ്യുകയായിരുന്നു.

Related Posts

Leave a Reply