ബെംഗളൂരു: കർണാടക കൊപ്പൽ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകർന്നു. പത്തൊൻപതാമത്തെ ഷട്ടറിന്റെ ചങ്ങല ശനിയാഴ്ച രാത്രി പൊട്ടിയതോടെ ഗേറ്റിലൂടെ 35,000 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകിയത്. ആകെ 35 ഗേറ്റുകളാണ് ഡാമിനുള്ളത്. ഡാം തകരുന്നത് ഒഴിവാക്കാൻ 35 ഗേറ്റുകളും തുറന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിച്ചൂർ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ 70 വർഷത്തിനിടയിൽ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരപകടം അണക്കെട്ടിൽ സംഭവിക്കുന്നത്. ഡാമിൽ നിന്ന് 60,000 മില്യൺ ക്യുബിക് ഫീറ്റ് വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടാൽ മാത്രമേ ഷട്ടറുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ സാധ്യമാകൂവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.