മഹാരാഷ്ട്ര, കർണാടക എന്നീ രണ്ട് സംസ്ഥാനങ്ങളിലായി 44 ഇടങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിൽ 15 പേർ അറസ്റ്റിൽ. നിരോധിത ഭീകര സംഘടനയുമായി ബന്ധമുള്ളവരാണ് പിടിയിലായത്. രാജ്യവ്യാപകമായി ഭീകരാക്രമണത്തിന് ഐ.എസ്. പദ്ധതിയിടുന്നുവെന്ന വിവരത്തിന്റെ പശ്ചാത്തലത്തിലാണ് എൻ.ഐ.എ വ്യാപക റെയ്ഡ് നടത്തിയത്.
റെയ്ഡിൽ കണക്കിൽപ്പെടാത്ത പണവും ആയുധങ്ങളും ഡിജിറ്റൽ രേഖകളും കണ്ടെടുത്തു. പിടിച്ചെടുത്തവയുടെ കൂട്ടത്തിൽ 51 ഹമാസിന്റെ പതാകയും കണ്ടെത്തി. പദ്ഘ-ബോരിവാലി കേന്ദ്രീകരിച്ചായിരുന്നു ഐഎസ് ബന്ധമുള്ള പ്രതികൾ പ്രവർത്തിച്ചിരുന്നത്.
രാജ്യത്തിന്റെ സമാധാനവും സാമുദായിക സൗഹാർദവും തകർക്കാൻ പ്രതികൾ ലക്ഷ്യമിട്ടിരുന്നതായി എൻഐഎ. മഹാരാഷ്ട്ര പോലീസിന്റെയും എടിഎസിന്റെയും സഹായത്തോടെയായിരുന്നു എൻഐഎ പരിശോധന നടത്തിയത്. താനെയിലെ 9 ഇടങ്ങൾ, പുണെയിലെ രണ്ട് ഇടങ്ങൾ, താനെ റൂറൽ 31 ഇടങ്ങൾ എന്നിങ്ങനെയും ബെംഗളൂരുവിൽ ഒരിടത്തുമാണ് എൻ.ഐ.എയുടെ റെയ്ഡ് നടന്നത്. ശനിയാഴ്ച രാവിലെയോടെയാണ് റെയ്ഡ് ആരംഭിച്ചത്.